മാവേലിക്കര: ഉഴവുകാരന്റെ മകൻ മജീഷ്യനായത് കഠിനാധ്വാനത്തിലൂടെയാണെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഹൃദയം തൊട്ടു പറഞ്ഞപ്പോൾ കേൾവിക്കാരായി ഒരു സംഘം കുട്ടികൾ. ബിഷപ്പ് മൂർ കോളേജിൽ സംസ്ഥാന യുവജന കമ്മിഷനും മാജിക് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന, നവകേരള നിർമ്മിതിയിൽ യുവജനങ്ങൾ പങ്കാളികളാകുന്നു എന്ന പരിപാടിയിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നയിക്കവേയാണ് സ്വന്തം ബാല്യകാലം അദ്ദേഹം അനുസ്മരിച്ചത്.
പാടത്തെ ചെളിയിൽ നിന്ന് കയറിവരുന്ന അച്ഛന്റെ വിയർപ്പിന്റെ മണമുള്ള മാറോട് ചേർന്ന് കിടക്കുക പതിവായിരുന്നു.അന്ന് അച്ഛൻ പറഞ്ഞത് തെരുവുമാജിക്കുകാരുടെ പ്രകടനങ്ങളുടെ കഥകൾ. അത് മാജിക് ലോകത്തേക്ക് കടന്നുവരാൻ കാരണമായി. ഏഴാം വയസിൽ മാജിക് പഠനം തുടങ്ങി. ഒൻപത് വയസിൽ സ്റ്റേജിലെ ആദ്യ പ്രകടനം നടത്തിയപ്പോൾഅത് 'പൊളിഞ്ഞു". അവിടെനിന്നാണ് മാജിക് പഠിക്കണമെന്ന വാശിയുമായി ഇവിടെവരെ എത്തിയത്. മുതുകാട് പറഞ്ഞു. ബാല്യത്തിൽ സഹായിച്ച മൂന്ന് അദ്ധ്യാപകരുടെ ഒപ്പമുള്ള ഹൃസ്വചിത്രങ്ങളും വേദിയിൽ പ്രദർശിപ്പിച്ചു. അച്ഛന് സമ്മാനമായി ലഭിച്ച ഇന്നും നിധിപോലെ താൻ സൂക്ഷിക്കുന്ന പിത്തള പേടകവും വിദേശ നിർമ്മിത വാച്ചും കാണികൾക്ക് കാണിച്ചുകൊടുത്തായിരുന്നു മുതുകാടിന്റെ മാജിക് അവതരണം.
സ്വന്തം വീട് വിറ്റ് തെരുവിലെ മാജിക് കലാകാരൻമാരെ സംരക്ഷിക്കാനായി പണിതുയർത്തിയ മാജിക് പ്ലാനറ്റിന്റെ സഹായത്തോടെ 16 ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിച്ചതും അദ്ദേഹം വിവരിച്ചു. ഏതും കാര്യത്തിലും പൂർണ മനസ് അർപ്പിച്ചാൽ സാദ്ധ്യമാവുമെന്ന് കുട്ടികളെ പഠിപ്പിക്കാനാവുമെന്നും ഒാർമ്മപ്പെടുത്തി. '' ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രകടനം ഇന്ത്യയുടെ ഉപരാഷ്ട്രപതിക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. അവർ ഇപ്പോൾ മാജിക് പ്ലാനറ്റിലെ ജീവനക്കാരാണ്. അവർക്കായി തന്റെ 30 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശചടങ്ങ് നവംബർ 1ന് നടക്കും . നൂറ് ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ച അമ്പത് സെന്റിൽ ആർട് സെന്റർ തുടങ്ങുകയാണ് പുതിയ ലക്ഷ്യം '' മുതുകാട് പറഞ്ഞു. സ്വന്തം ജീവിതവും ചരിത്ര പുരുഷൻമാരുടെ കഥകളും ഇടയ്ക്കിടയ്ക്ക് മാജിക്കും അവതരിപ്പിച്ചാണ് യുവതലമുറയ്ക്ക് പുതിയ ദിശാബോധ് വളർത്തുന്ന ക്ലാസ് നയിച്ചത്. മുഖ്യമന്ത്രിയ്ക്ക് കൈമാറാൻ നവകേരള സൃഷ്ടിയ്ക്ക് പ്രയോജനപ്പെടുന്ന യുവതലമുറയുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് ക്യാമ്പ് സമാപിച്ചത്.