ആലപ്പുഴ : സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ഓരോ ദിവസവും കുതിച്ചുയരുന്നത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. രണ്ടാഴ്ചക്ക് മുമ്പ് 70 രൂപയായിരുന്നു ഒരു കിലോ കോഴിയിറച്ചിയുടെ വിലയെങ്കിൽ ഇന്നലെ അത് 160 രൂപയായി ഉയർന്നു.
തമിഴ്നാട്ടിലെ ഫാമുകളിൽ കോഴിക്ക് വില കൂടിയതാണ് ഇതിനു കാരണമെന്നാണ് മൊത്ത വ്യാപാരികൾപറയുന്നത്. തമിഴ്നാട്ടിൽ ഇറച്ചിക്കോഴിയുടെ ഉത്പാദനത്തിൽ കുറവുണ്ടായിട്ടില്ല. മൊത്തവ്യാപാരികൾ വിലകൂട്ടുമ്പോൾ ചില്ലറ വില്പനക്കാരും അതിന് ആനുപാതികമായി കൂട്ടേണ്ടി വരും.
ആലപ്പുഴയിൽ മാത്രം ഇറച്ചിക്കോഴികളെ വളർത്തുന്ന 600ഫാമുകൾ ഉണ്ട്. തൃശൂരിൽ 5000ൽ അധികം ഫാമുകളാണ് ഉള്ളത്. ഓരോജില്ലയിലും ആവശ്യത്തിന് ഫാമുകൾ ഉള്ളതിനാൽ ഇവിടെ നിന്നുള്ള കോഴികളെയാണ് മൊത്തവ്യാപാരികൾ ചില്ലറ വില്പനശാലകളിൽ എത്തിക്കുന്നത്.
മൊത്ത വ്യാപാരികൾ അന്യായമായി കോഴിവില വർദ്ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ചില്ലറ വില്പനക്കാർ. സർക്കാർ അടിയന്തരമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കിൽ മുഴുവൻ കോഴി - കോഴിയിറച്ചി വില്പന സ്ഥാപനങ്ങളും അടച്ചിടുമെന്ന് ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എം നസീർ, ജനറൽ സെക്രട്ടറി എസ്.എച്ച്. ഷിഹാബ്, ട്രഷറർ, അബ്ദുൾ സലാം, സജീർ ഇലയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കോഴി കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാണെന്നും അവർ പറഞ്ഞു. വില സർവകാല റെക്കാഡിൽ എത്തിയതോടെ ചില്ലറ വിൽപനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
സർക്കാർ ഇടപെടണം
മുമ്പ് കോഴി വിലയിൽ വദ്ധനവ് ഉണ്ടായപ്പോൾ ധനമന്ത്രി നേരിട്ട് ഇടപെട്ടു പരിഹാരം കണ്ടെത്തിയിരുന്നു. പൊതു വിവപണിയിൽ 220രൂപ വിലയുണ്ടായിരുന്നപ്പോൾ സർക്കാർ കെപ്കോ വഴി 157രൂപക്ക് കോഴി ഇറച്ചി വിറ്റു. പിന്നീട് വില 87രൂപയിൽ എത്തിച്ചു.
ഇറച്ചിക്കോഴി വില
ഇന്നലെ......150 - 160 രൂപ, മീറ്റ്....250-260
12ദിവസം മുമ്പ് .....70-80