കുട്ടനാട്ടിൽ വിള ഇൻഷ്വറൻസ് ലഭ്യമാവാൻ സാങ്കേതിക തടസം
ആലപ്പുഴ: പ്രളയം കശക്കിയെറിഞ്ഞ കുട്ടനാടൻ പാടങ്ങളിൽ സർക്കാർ സഹായത്തോടെ വീണ്ടും വിത്ത് വീണുതുടങ്ങിയെങ്കിലും വിള ഇൻഷ്വറൻസ് ആനുകൂല്യത്തിനുള്ള സാങ്കേതിക തടസങ്ങൾ കർഷകരെ വലയ്ക്കുന്നു. കൃഷിനാശമുണ്ടായ മുഴുവൻ നെൽ കർഷകർക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, വിള ഇൻഷ്വറൻസ് എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പില്ല.
ഹെക്ടറിന് 35,000 രൂപയാണ് ഇൻഷ്വറൻസ് തുക. കുട്ടനാട്ടിൽ നിന്ന് അപേക്ഷ നൽകിയവരിൽ പലരും ഇൻഷ്വറൻസിന് അയോഗ്യരാണ്. വിത കഴിഞ്ഞ് 45 ദിവസം വരെ പിന്നിട്ട പാടങ്ങളെ മാത്രമേ ഇൻഷ്വറൻസ് കമ്പനികൾ പരിഗണിക്കുകയുള്ളൂ. കുട്ടനാട്ടിലെ പല പാടശേഖരങ്ങളും വിത്തിറക്കി ഒരാഴ്ചകഴിയും മുൻപേ മുങ്ങിയിരുന്നു. നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയ്ക്കാണ് ഇൻഷ്വറൻസുള്ളത്. കൃഷി വകുപ്പിൽ നിന്നുള്ള ആനൂകൂല്യങ്ങൾക്ക് കർഷകർ നിർബന്ധമായും വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കണം. ജില്ലയിൽ ഭൂരിഭാഗം കർഷകരും അംഗങ്ങളാണ്. 2017ൽ പുതുക്കിയ പദ്ധതി പ്രകാരം കർഷകരുടെ യഥാർത്ഥത്തിലുള്ള നഷ്ടത്തിന് ആനുപാതികമായ തുകയാണ് ലഭിക്കുന്നത്. മാവേലിക്കരയിൽ 48 ലക്ഷം രൂപ വിള ഇൻഷ്വറൻസിൽ നിന്ന് ലഭ്യമായിട്ടുണ്ട്.
ഹെക്ടറിന് 13,500 രൂപ വീതമാണ് കൃഷിവകുപ്പ് പ്രളയ നഷ്ടപരിഹാരമെന്നോണം നൽകിയത്. ജില്ലയിൽ 25 കോടിയാണ് ഇതിനായി അനുവദിച്ചത്. നെൽക്കൃഷി നശിച്ചവർക്കെല്ലാം നഷ്ടപരിഹാരം കിട്ടി. കരക്കൃഷിക്കാർക്കുള്ള വിതരണം അവസാന ഘട്ടത്തിലാണ്.
ഡയറക്ടറേറ്റിൽ നിന്ന് എത്തും
ജില്ലയിൽ നാല് ലക്ഷം രൂപവരെ മാത്രമേ വിള ഇൻഷ്വറൻസ് തുകയായി ജില്ല പ്രിൻസിപ്പൽ കൃഷി ഒാഫീസർക്ക് നൽകാനാവൂ. നെൽകൃഷി അപേക്ഷകളിൽ പകുതിയും 10 ലക്ഷത്തിന് മുകളിലാണ്. ഇൗ തുക ഡയറക്ടറേറ്റ് വഴി മാത്രമേ കിട്ടുകയുള്ളൂ.
.........................
'' കൈനകരി പഞ്ചായത്തിലെ എല്ലാ കർഷകർക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. 22 ഒാളം പാടശേഖരങ്ങളുണ്ട്. അർഹരായവർക്ക് വിള ഇൻഷ്വറൻസ് ഉടൻ വിതരണം ചെയ്യും. വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല''
(സന്തോഷ്, കൈനകരി കൃഷി ഒാഫീസർ)
............................
'' ജില്ലയിൽ കേന്ദ്ര സർക്കാരിൽ നിന്ന് 25 കോടിയാണ് നഷ്ടപരിഹാരത്തിനായി ലഭിച്ചത്. വിള ഇൻഷ്വറൻസിനുള്ള അപേക്ഷകൾ മിക്ക സ്ഥലങ്ങളിൽ നിന്നും എത്തികൊണ്ടിരിക്കുകയാണ്. നാല് ലക്ഷം രൂപ വരെയുള്ള ഫണ്ട് ജില്ലയിയിൽ നിന്ന് നൽകാനാവും. ഇതിൽ കൂടുതലുള്ള തുക ഡയറക്ടറേറ്റിൽ നിന്ന് ഉടൻ ലഭ്യമാകും. വിള ഇൻഷ്വറൻസിന്റെ നടപടികൾ ക്രമങ്ങൾ സങ്കീർണ്ണമാണ്''
(ബീന നടേശൻ, പ്രിൻസിപ്പൽ കൃഷി ഒാഫീസർ)