ഹരിപ്പാട്: ഒരു കൗണ്ടർ. രണ്ടു ജീവനക്കാർ. രോഗികളുടെ എണ്ണം ആയിരത്തിലധികം . താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ മരുന്നിന് കാത്തുനിൽക്കുന്നവർ കാൽമുട്ടുവേദനയ്ക്ക് കൂടി ഒൗഷധം വാങ്ങേണ്ട അവസ്ഥ. മതിയായ ജീവനക്കാരില്ലാതെ രോഗികൾ വലയുമ്പോഴും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. രാവിലെ എട്ടിന് ഒപിയുടെ പ്രവർത്തനം ആരംഭിക്കും. അതോടെ രോഗികളുടെ ദുരിതവും ഏറും. ഒ.പിയിലെ തിരക്ക് ഫാർമസി വിഭാഗത്തിന് മുന്നിൽവരെ എത്തും.ജനറൽ ഒ.പി യിൽ മെഡിസിൻ വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരും അസ്ഥി, ഇ.എൻ.ടി ,സ്കിൻ . ദന്തൽ വിഭാഗങ്ങളിലായി ഒൻപതിലധികം ഡോക്ടർമാരുടെയും സേവനമുണ്ട്. ഇവിടെദിവസവും എത്തുന്നത് ആയിരത്തിലധികം രോഗികളാണ്. ഇവർക്ക് മരുന്നു നൽകാനുള്ള അംഗബലം ഫാർമസിയ്ക്കില്ല ഏറെ കാത്തു നിന്നാൽ മാത്രമേ മരുന്ന് ലഭിക്കൂ. പലപ്പോഴും രോഗികളും ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടാവാറുണ്ട്. ഒ.പിയിൽ ഡോക്ടരെ കണ്ട് ഫാർമസിയിൽ എത്തുന്നതോടെ ദുരിതം ഇരട്ടിക്കുന്നതായി രോഗികൾ പറയുന്നു. കുട്ടികൾക്കും അറുപത് വയസിനു മുകളിലുള്ളവർക്കും ക്യൂ സംവിധാനമില്ലെന്ന ബോർഡ് ഫാർമസിക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഫാർമസിക്കു മുന്നിൽ വരിയായി നിൽക്കുന്നവരിൽ അധികവും വൃദ്ധരാണ് . വരി നിൽക്കാതെ പ്രായമായ രോഗികൾ മരുന്ന് വാങ്ങാൻ മുതിർന്നാൽ ക്യുവിൽനിന്ന് എതിർപ്പ് ഉയരും. ഇതോടെ വരി നിൽക്കാൻ അവർ നിർബന്ധിതരാവും.ഇവിടെ സെക്യുരിറ്റി ജീവനക്കാരന്റെ സേവനം വേണമെന്നാണ് പ്രായമായ രോഗികളുടെ ആവശ്യം. ഒ.പിയിലെ തിരക്ക് പരിഗണിച്ച് ഫാർമസിയിൽ നാലു കൗണ്ടറെങ്കിലും പ്രവർത്തിപ്പിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാവൂ. ഒ.പിയുടെ ഭാഗത്ത് ശൗചാലയം പ്രവർത്തിക്കാത്തതും രോഗികളെ വലയ്ക്കുന്നു. സമീപത്ത് സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രവർത്തിച്ചിരുന്ന ശൗചാലയം അടച്ചുപൂട്ടിയിട്ട് നാളുകളേറെയായി. നേരത്തേ ഇവിടെ ഒരു രൂപ നിരക്കിൽ ശൗചാലയം ഉപയോഗിക്കാൻ സൗകര്യമുണ്ടായിരുന്നു. അതിനായി ജീവനക്കാരെയും നിയമിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ആശുപത്രി സൂപ്രണ്ടോ ഹോസ്പിറ്റൽ മാനേജ്മെന്റ് സമിതി യോ അടിയന്തരമായി ഇടപെടണമെന്നാവശ്യം ശക്തമാണ്.