sister-anupama

ചേർത്തല:പഞ്ചാബിലെ ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സിസ്റ്റർ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം. ഇന്നലെ വൈകിട്ട് അഞ്ചോടെ പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളിയിൽ ഫാ.കാട്ടുതറയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷമായിരുന്നു സംഭവം. ബിഷപ്പിനെ അനുകൂലിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു

സംസ്‌കാര ചടങ്ങുകൾ പൂർത്തിയായ ശേഷം പള്ളിമുറിയിലേയ്ക്ക് പോകുന്നതിനിടെ സിസ്റ്റർ അനുപമയേയും സഹപ്രവർത്തകരെയും പള്ളിപ്പുറം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലെത്തിയ സംഘം ആക്ഷേപിക്കുകയും പള്ളിയിൽ നിന്ന് ബലമായി ഇറക്കി വിടുകയുയിരുന്നു. പള്ളിപ്പുറം തന്റെ ഇടവകയാണെന്നും തനിക്കിവിടെ നിൽക്കാൻ അവകാശമുണ്ടെന്നും ഗേറ്റിന് പുറത്തെത്തിയ സിസ്റ്റർ കരഞ്ഞു കൊണ്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ഫാ.കുര്യാക്കോസ്‌ കാട്ടുതറയുടെ മരണം മാനസീക പീഡനം മൂലമാണെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതാണ് മരണത്തിന് ഇടയാക്കിയതെന്നും അവർ പറഞ്ഞു.കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർമാരായ നീന റോസ്,ജോസഫൈൻ,അൻസീറ്റ എന്നിവരും സിസ്റ്റർ അനുപമക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയായി.വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.തുടർന്ന് സിസ്റ്റർ അനുപമയെ സുരക്ഷിതമായി വാഹനത്തിൽ കയറ്റി വിട്ടു.

 ഫാ.കാട്ടുതറയുടെ സംസ്കാരം നടന്നു

ബുധനാഴ്ച രാത്രി 8.45 ഓടേ പള്ളിപ്പുറത്തെ കാട്ടുതറ വീട്ടിൽ എത്തിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്നലെ ഉച്ചവരെ പൊതുദർശനത്തിന് വെച്ചു.തുടർന്ന് വീട്ടിലും ദേവാലയത്തിലും നടന്ന ശുശ്രൂഷകൾക്ക് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമ്മികത്വം വഹിച്ചു.4.30 ഓടെ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിച്ചു.തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ ഫാ.അഗസ്റ്റ്യൻ വട്ടോളി,സി.ആർ.നീലകണ്ഠൻ,അഡ്വ.എ.എം.ആരിഫ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.