ഹരിപ്പാട്: മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് മുഴുക്കാപ്പ് ദർശനം നാളെ തുടങ്ങും. ആയില്യം പൂജയ്ക്ക് മുൻപ് രോഹിണി മുതൽ പുണർതം വരെയാണ് നാഗരാജാവിനും സർപ്പയക്ഷിക്കും മുഴുക്കാപ്പ് ചാർത്തുന്നത്. ഇത്തവണത്തെ മുഴുക്കാപ്പ് ദർശനം 27, 28, 29, 30 തീയതികളിലാണ്. ചന്ദനമുട്ടി കൈകളാൽ ചാണയിൽ തന്നെ അരച്ചാണ് മണ്ണാറശ്ശാലയിൽ മുഴുക്കാപ്പിന് ഉപയോഗിക്കുന്നത്. പരമ്പരാഗത രീതിയിൽ ചന്ദനം അരച്ച് നാഗരാജാവിന്റെയും, സർപ്പയക്ഷിയമ്മയുടെയും ബിംബങ്ങളിൽ പൂർണ്ണമായും പൊതിയും. മുഴുക്കാപ്പ് ദിവസങ്ങളിൽ അഭിഷേകത്തിന് ശേഷമാണ് ചന്ദനം ചാർത്തുന്നത്. പുണർതം നാളിൽ മണ്ണാറശ്ശാല വലിയമ്മയാണ് മുഴുക്കാപ്പ് ചാർത്തുന്നത്. വലിയമ്മയ്ക്ക് അസൗകര്യങ്ങൾ ഉണ്ടെങ്കിൽ മുഴുക്കാപ്പ് കുടുംബകാരണവരാകും ചാർത്തുക. കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന് മുന്നോടിയായി പുണർതം നാളിൽ സമാപിക്കുന്ന തരത്തിൽ നാല് ദിവസം മുഴുക്കാപ്പ് ചാർത്തും. മുഴുക്കാപ്പ് ദർശനം അവസാനിക്കുന്ന പുണർതം നാളിലാണ് ക്ഷേത്രത്തിൽ ഇപ്പോൾ നടന്നു വരുന്ന കാവിൽ പൂജകളും സമാപിക്കുന്നത്. അന്ന് വൈകിട്ട് 5 മണിക്ക് മഹാദീപക്കാഴ്ചയോടെ ഈ വർഷത്തെ ആയില്യം മഹോത്സവത്തിന് തുടക്കം കുറിക്കും. 30, 31, നവംബർ 1 തീയതികളിലാണ് ഈ വർഷത്തെ മണ്ണാറശ്ശാല ആയില്യം മഹോത്സവം .31നാണ് ദർശന പ്രധാനമായ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി ചതുശത നിവേദ്യത്തോടെയുള്ള പൂയം നാളിലെ ഉച്ചപൂജ. വൈകിട്ട് 5ന് പ്രസിദ്ധമായ പൂയം തൊഴൽ. നവംബർ ഒന്നിന് ആയില്യം നാളിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിനാളുകൾ ക്ഷേത്രത്തിലേക്കെത്തും. മുഴുക്കാപ്പ് ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.