ആലപ്പുഴ: കാലഘട്ടത്തിന് അനുസരിച്ച് സമൂഹത്തിലെ ജീർണിച്ച ചട്ടങ്ങൾ മാറണമെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ പറഞ്ഞു.
മഹാകവി കുമാരനാശാൻ സ്മാരക സംഘം ഏർപ്പെടുത്തിയ പ്രഥമ ശ്രേഷ്ഠസേവാ പുരസ്കാര സമർപ്പണം പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂളിലെ തച്ചടി പ്രഭാകരൻ സ്മാരക ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇന്നത്തെ ആചാരങ്ങൾ മാറിമറിയാം. ആചാരങ്ങൾ മാത്രം പോരാ മനുഷ്യ സ്നേഹമാണ് സമൂഹത്തിന് ആവശ്യം.മതങ്ങളുടെ വേലിക്കെട്ട് മനുഷ്യനെ വേർതിരിക്കുന്നു. എന്റെ മതം നല്ലതെന്ന് ഞാൻ പറയണമെങ്കിൽ മറ്റു മതങ്ങളെകുറിച്ച് അറിയണം. എല്ലാ മതങ്ങളും ശ്രേഷ്ഠമാണ്. ഗീത, ഖുറാൻ, ബൈബിൾ തുടങ്ങിയ ഗ്രന്ഥങ്ങൾ മനുഷ്യനെ സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്നു.കുമാരനാശാന്റെ കവിതകളുടെ പ്രസക്തി കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
ആദ്യ മാനേജർ തച്ചടിപ്രഭാകരന്റെ ഭാര്യയും സ്കൂളിലെ പ്രഥമ അദ്ധ്യാപികയുമായിരുന്ന എൻ.കെ.സരോജിനിഅമ്മയ്ക്ക് മരണാനന്തര ബഹുമതിയും അരനൂറ്റാണ്ട് ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന റിട്ട.ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഐ.എം.ഇസ്ളാഹ്, സ്കൂളിലെ പ്രഥമ അദ്ധ്യാപകരായിരുന്ന പി.ആർ.സുരേന്ദ്രൻ, പി.എസ്.സുരേന്ദ്രനാഥ് എന്നിവർക്ക് പുരസ്കാരവും സമർപ്പിച്ചു.കരുതൽ നല്ല നാളേയ്ക്കും തലമുറയ്ക്കും" എന്ന പുസ്തകത്തിന്റെ രചയിതാവും പൂർവവിദ്യാർത്ഥിയുമായ സി.എച്ച്.അലി അക്ബറിനെയും ജസ്റ്റിസ് ബി.കെമാൽപാഷ ആദരിച്ചു.
മഹാകവി കുമാരനാശാൻ സ്മാരക സംഘം കൗൺസിൽ അംഗം തോട്ടപ്പള്ളി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ മുൻമാനേജർ ബിനു തച്ചടി, പ്രിൻസിപ്പൽ എം.എം.ജ്യോതി, ആശാൻ സ്മാരക കൗൺസിൽ അംഗങ്ങളായ ഡോ. എം.ആർ.രവീന്ദ്രൻ,കെ.രാമകൃഷ്ണൻ,എൻ.മോഹനൻ, പി.ടി.എ പ്രസിഡന്റ് സി.എച്ച്.സാലി, സീനിയർ അസിസ്റ്റന്റ് ഡി.വേണു, സ്റ്റാഫ് സെക്രട്ടറി ബി.ബിജു, എച്ച്.എസ്.എസ്.ടി കെ.പി. ശ്രീലേഖ എന്നിവർ സംസാരിച്ചു. കുമാരനാശാൻ സ്മാരക സംഘം പ്രസിഡന്റും സ്കൂൾ മാനേജരുമായ ഇടശേരി രവി സ്വാഗതവും സെക്രട്ടറി പി.പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.