മാലിന്യം നിറഞ്ഞ ഒാടകൾ ശുചീകരിച്ചിട്ട് മൂന്നുവർ ഷം
ചാരുംമൂട് : പൈപ്പ് പൊട്ടിയതിനെ തുടർന്ന് ചാരുംമൂട് ജംഗ്ഷനിൽ കെ പി റോഡിന്റെ തെക്കുവശത്ത പതിനഞ്ചിലധികം കടകൾക്ക് മുന്നിൽ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഓട നികന്നു കിടക്കുന്നതിനാൽ വെള്ളം ഒഴു കി പോവാൻ കഴിയുന്നില്ല. പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താൻ ജല അതോറിട്ടിയും തയാറാകുന്നില്ല. വ്യാപാരികൾ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഓടയിൽ മാലിന്യങ്ങൾ നിറഞ്ഞു കിടപ്പാണ്. അതിനാലാണ് വെള്ളം ഒഴുകാത്തത്. മൂന്നു വർഷം മുൻപാണ് ഒാടയിൽ അവസാനമായി ശുചീകരണം നടത്തിയത്. ജംഗ്ഷനിൽ 100 മീറ്റർ നീളത്തിലാണ് വെള്ളം പാഴാവുന്നത് . സമീപത്തെ വ്യാപാരസ്ഥാപനങ്ങളും , വഴിയാത്രക്കാരും വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും ചെളിയുടെയും ദുരിതം പേറുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് ശല്യം ഉണ്ടാവാൻ സാദ്ധ്യത എറെയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിക്കുക്കകയും ഒാടയുടെശുചീകരണം നടത്തുകയും വേണം. വ്യാപാരികൾ നിതന്തരം പരാതിപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ജല അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും തകരാർ പരിഹരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വെള്ളം പാഴാകുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും.
ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം . ഓട വൃത്തിയാക്കാനും തയാറാവണം.
എസ്. ഗിരീഷ്
കെ. വി. വി .ഇ .എസ് ചാരുംമൂട് യൂണിറ്റ്
വർക്കിംഗ് ജനറൽ സെക്രട്ടറി