ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ കൈവിട്ടുപോയ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.എം അണിയറ ഒരുക്കങ്ങൾ തുടങ്ങി. തികച്ചും അനുകൂലമായ അന്തരീക്ഷമാണ് ആലപ്പുഴയിൽ ഒരുത്തിരിഞ്ഞിരിക്കുന്നതെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഇപ്പോൾ തിരിച്ചുപിടിച്ചില്ലെങ്കിൽ അടുത്തകാലത്തൊന്നും ഒരു ചുവന്ന എം.പി ആലപ്പുഴയിൽ നിന്നുണ്ടാവില്ല എന്നാണ് പാർട്ടി ജില്ലാ നേതൃത്വം കരുതുന്നത്. തുടർച്ചയായി രണ്ട് തവണ വിജയശ്രീലാളിതനായി നിൽക്കുന്ന കോൺഗ്രസിലെ കെ.സി. വേണുഗോപാലിനെ വെട്ടാൻ കരുത്തനായ എതിരാളിയെയാണ് മത്സരത്തിനിറക്കുക. മണ്ഡലത്തിലെ സർവസമ്മതൻ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന വേണുഗോപാലിനെ വീഴ്ത്തണമെങ്കിൽ എതിരാളി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിട്ടുള്ളതാവണം. ആ വിലയിരുത്തലിൽ പാർട്ടിയുടെ കണ്ണ് ചെന്നെത്തി നിൽക്കുന്നത് പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയിലാണ്. ബേബിയെ ഇറക്കിയാൽ വീണ്ടും ചെങ്കൊടി പാറിപ്പിക്കാനാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. ബേബി മുമ്പ് ഇവിടെ ജില്ലാ സെക്രട്ടറിയായിരുന്നതിന്റെ പരിചയമാണ് സ്ഥാനാർത്ഥിയാക്കാൻ കരുത്തേകുന്നത്. ആലപ്പുഴയിലെ വോട്ടർമാരിൽ വലിയൊരു വിഭാഗം ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ്. ബേബിയെ ഇറക്കിയാൽ ക്രിസ്ത്യൻ വോട്ടുകൾ ഏകോപിപ്പിക്കാനും വിജയം ഉറപ്പിക്കാനും കഴിയുമെന്നാണ് കരുതുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ബേബി പാർലമെന്റിലേക്ക് മത്സരിക്കട്ടെ എന്നാണ് ജില്ലാ ഘടകത്തിന്റെ നിലപാട്. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടിലാണ് ബേബി. എങ്കിലും പാർട്ടി നിർബന്ധിച്ചാൽ ഒഴിഞ്ഞു നിൽക്കാനാവില്ല.

ഒൻപത് നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയിൽ. ഇതിൽ ഹരിപ്പാട് മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. ബാക്കി എട്ടിലും എൽ.ഡി.എഫ് വിജയിച്ച് നിൽക്കുന്ന പശ്ചാത്തലത്തിലാണ് പാർലമെന്റ് സീറ്റ് തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കുറേക്കാലമായി ആലപ്പുഴ വലത്തോട്ട് തിരിഞ്ഞു നിൽക്കുകയാണ്. എന്ന് മാത്രമല്ല, ജില്ലയ്ക്ക് പുറത്തുള്ള വി.എം.സുധീരനും കെ.സി.വേണുഗോപാലും വലിയ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിക്കുകയും ചെയ്തു. സംസ്ഥാനം എൽ.ഡി.എഫ് ഭരിക്കുമ്പോൾ ആലപ്പുഴ സീറ്റ് നേടിയെടുക്കുക എന്നത് പാർട്ടിയുടെ പ്രിസ്റ്റീജ് പ്രശ്നമായി മാറിയിരിക്കുകയാണ്.

മൂന്ന് മന്ത്രിമാരാണ് ജില്ലയിൽ നിന്നുള്ളത്. പാർലമെന്റ് സീറ്റിൽ ഇടതുകോട്ടയിൽ വീണ വിള്ളലുകൾ അടച്ച് വിജയിച്ച് കയറുന്നതിന് ജി.സുധാകരനും തോമസ് എെസക്കും തിലോത്തമനും മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എത്താത്ത ഒരു ജില്ലകൂടിയാണ് ആലപ്പുഴ.