അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരം മാലിന്യമുക്തമാക്കാൻ 'നിർമ്മലം ഹരിതാഭം" പദ്ധതി തുടങ്ങും. . കേരളകൗമുദി വാർത്തയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയർ ബിജു ബാലകൃഷ്ണൻ മുൻകൈയ്യെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇഴജന്തുക്കളുടെയും, തെരുവുനായകളുടെയും വിഹാര സ്ഥലമായി ആശുപത്രിയിലെ പുൽതകിടി മാറിയെന്ന കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ സംവിധാനങ്ങളേയും, സാമൂഹ്യ സംഘടനകളേയും കോർത്തിണക്കി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കാൻ ലക്ഷ്യമിടുന്നതെന്ന് ബിജു ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്, ഹരിത കേരള മിഷൻ, ആശുപത്രി ഹെൽത്ത് വിഭാഗം, സത്യസായി സേവാ സംഘടന, നൈമിഷാരണ്യം, സേവ് ആലപ്പി ,കൃപ, എൻ.എസ്.എസ്, എൻ.സി.സി, കുടുംബശ്രീ, എൻ.ജി.ഒ, പ്ലാസ്റ്റിക് ക്രീപ് അംഗങ്ങൾ എന്നിവരാണ് പദ്ധതിയിൽ ഭാഗഭാക്കാകുന്നത്. ഇന്ന് 28 രാവിലെ 8 മുതൽ 11 വരെ 1000 പേരെ ഉൾപ്പെടുത്തി ശുചിത്വ വാരാചരണം നടത്തും.