ആലപ്പുഴ: മുതിർന്ന പൗരന്മാർക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പത്തിയൂരിൽ നിർമ്മിച്ച 'നികുഞ്ജം' വൃദ്ധ സദനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വൃദ്ധ ജനങ്ങളെ വീടുകളിൽ നിന്നും ആട്ടി പായിക്കുന്ന പ്രവണത പൂർണ്ണമായും ഇല്ലാതാക്കണമെന്നും സുധാകരൻ പറഞ്ഞു.
വൃദ്ധരായ ജനങ്ങളെ സംക്ഷിക്കാനും അവർക്ക് വേണ്ട സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയുള്ളതാണ് ഇവിടെ തയ്യാറായിരിക്കുന്ന വൃദ്ധസദനം. 72 ലക്ഷം രൂപയാണ് വൃദ്ധ സദനത്തിന്റെ നിർമ്മാണത്തിനായി ചെലവായത്. ഇരുപത് പേർക്ക് ഒരേ സമയം താമസിക്കാം. ഭിന്നശേഷിക്കാരായവർക്കുവേണ്ട പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തി.
മുതുകുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടത്തി വന്ന വികസന പ്രവർത്തനങ്ങളെകുറിച്ചുള്ള 'സുലഭം' പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ആറ് ,എട്ട് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും സമാഹരിച്ച 32,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.
യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിൻ സി. ബാബു, വൈസ് പ്രസിഡന്റ് റ്റി.ശ്രീകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ മണി വിശ്വനാഥ്, അരിതാ ബാബു, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജയൻ അമ്മാസ്, അംബുജാക്ഷി ടീച്ചർ, ശംസുദ്ധീൻ കായിപ്പുറം, എം. സോമലത, ശാരി പൊടിയൻ, കെ. സുകുമാരൻ, ചിങ്ങോലി രഞ്ജിത്ത്, എം.എ.അലിയാർ, കെ.എച്ച്.ബാബുജാൻ, എം.സുകുമാര പിള്ള, വി.എസ്.ദീപ, ആർ.അനന്ദൻ എന്നിവർ സംസാരിച്ചു.