മാവേലിക്കര: ഓൺലൈൻ തട്ടിപ്പു സംഘം വൃദ്ധ ദമ്പതികളുടെ അക്കൗണ്ടിൽ നിന്ന് 30000 രൂപ തട്ടിയെടുത്തു. മാവേലിക്കര കൊറ്റാർകാവ് പുളിമൂട്ടിൽ ജോർജ് ജോൻ (74), ഭാര്യ എത്സി (68) എന്നിവരുടെ ജോയിന്റ് അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്. ബാങ്ക് അക്കൗണ്ടിലെ സ്വകാര്യ വിവരങ്ങൾ പറഞ്ഞ് വിശ്വാസ്യത നേടിയെടുത്തശേഷമായിരുന്നു തട്ടിപ്പ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ലാൻഡ് ഫോണിലേക്ക് എസ്.ബി.ഐ എൻ.ആർ.ഐ ശാഖയിൽ നിന്നെന്ന് പരിചയപ്പെടുത്തി കാൾ എത്തിയത്. എത്സിയാണ് ഫോണ്‍ എടുത്തത്. ബാങ്ക് അക്കൗണ്ട് ആധാറുമായും പാൻകാർഡുമായും ബന്ധപ്പെടുത്തിയോയെന്ന് അന്വേഷിച്ച ശേഷം അക്കൗണ്ട് സംബന്ധമായ രഹസ്യ വിവരങ്ങൾ പറഞ്ഞ് വിശ്വാസ്യത നേടി . തുടർന്ന് അക്കൗണ്ടിന് രണ്ട് എ.ടി.എം കാർഡുകൾ ഉണ്ടെന്നും അറിയിച്ചു. വിവരം തെറ്റാണെന്നും തന്റെ പക്കൽ ഒരു എ.ടി.എം കാർഡാണ് ഉള്ളതെന്ന് എത്സി പറഞ്ഞു. അപ്പോൾ കാർഡ് നമ്പരിന്റെ ആദ്യ നാല് അക്കങ്ങൾ പറയാൻ ആവശ്യപ്പെട്ടു. പിന്നീട് ബാക്കി അക്കങ്ങൾ അവർ തന്നെ പറഞ്ഞു.കാർഡ് ഇന്ന വിഭാഗത്തിൽപ്പെട്ടതാണെന്ന് അവർ പറയുകയും ചെയ്തു.

വ്യക്തത വരുത്തുന്നതിന് മൊബൈൽ ഫോണിലേക്ക് വന്ന ആറ് അക്ക ഒ.ടി.പി നമ്പർ നല്കാൻ ആവശ്യപ്പെട്ടു. സന്ദേശം പൂർണമായും വായിച്ചു നോക്കാതെ നമ്പർപറഞ്ഞു കൊടുത്തു. എന്നാൽ ആദ്യം പറഞ്ഞ നമ്പരിൽ പിശകുകളുണ്ടെന്നും വീണ്ടും പറയണമെന്നും ആവശ്യപ്പെട്ടു. അതും കൊടുത്ത ശേഷം വീണ്ടും നമ്പർ ഒരിക്കൽ കൂടി ആവശ്യപ്പെട്ടു. എന്നാൽ ഫോൺ സംഭാഷണം ശ്രദ്ധയിൽപ്പെട്ട എത്സിയുടെ മകൻ ബാങ്കിൽ എത്തി വിവരങ്ങൾ നല്കാമെന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിച്ചു. തുടർന്ന് ഫോണിൽ വന്ന സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് വിവിധ വാലറ്റുകളിലേക്ക് 30000രൂപ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്തതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാങ്കിൽ എത്തി വിവരം അറിയിച്ചു.

തനിക്ക് രണ്ട് എ.ടി.എം കാർഡ് ഉള്ളതായി ബാങ്ക് അധികൃതരും അറിയിച്ചെന്നും ബാങ്കിന്റെ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും എത്സി ആരോപിച്ചു. എസ്.ബി.ഐ ശാഖയിലും മാവേലിക്കര പൊലീസിനും സൈബർ സെല്ലിലും പരാതികൾ നല്‍കിയിട്ടുണ്ട്.