വളളികുന്നം: വള്ളി കുന്നം പഞ്ചായത്തിലെ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് മത്സ്യം വില്ക്കുന്ന വ്യാപാരികൾക്ക് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. കാഞ്ഞിരത്തുംമൂട്, കാമ്പിശേരി, പളളിക്കുറ്റി എന്നിവിടങ്ങളിൽ കടകൾ കെട്ടിയും, പെട്ടി ഓട്ടോറിക്ഷകളിലും മത്സ്യ വ്യാപാരം നടത്തുന്നത് പഞ്ചായത്ത് മാർക്കറ്റിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. വ്യാപാരം സജീവമാകുന്നതോടെ ജംഗ്ഷനുകളിൽ ഗതാഗത തടസം മൂലം അപകടമുണ്ടാകുന്നത് പതിവായി . ഒഴുകി പോകാൻ ഇടമില്ലാതെ റോഡിന്റെ വശങ്ങളിൽ മലിന ജലം കെട്ടിക്കിടക്കുന്നതുമൂലം അസഹ്യമായ ഗന്ധം അനുഭവപ്പെടുന്നത് പ്രദേശവാസികളെയുംവഴി യാത്രക്കാരെയുംവലയ്ക്കുന്നു. പൊതുസ്ഥലത്തെ മത്സ്യവ്യാപാരം നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർപഞ്ചായത്ത് അധികൃതർക്ക് പരാതി നല്കിയിരുന്നു. അനുവദിച്ച ദിവസത്തിനകം വ്യാപാരം മാർക്കറ്റിലേക്ക് മാറ്റിയില്ലങ്കിൽ വ്യാപാരികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.