ചേർത്തല:ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.72-ാമത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണ സമാപനത്തോടനുബന്ധിച്ച് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.എസ്. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ നിലകൊണ്ട ശ്രീനാരായണഗുരുവിന്റെ പാരമ്പര്യമാണ് എസ്.എൻ.ഡി.പി യോഗത്തിന് ഉള്ളത്. അയിത്തത്തിനെതിരേയും ക്ഷേത്ര പ്രവേശന നിഷേധത്തിനെതിരേയും ശക്തമായ നിലപാടാണ് നവോത്ഥാന കേരള ചരിത്രത്തിൽ എസ്.എൻ.ഡി.പി യോഗം സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണ് ഇപ്പോഴുള്ളത്.വിശ്വാസത്തിന്റെ പേരിൽ തെ​റ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്ന സ്ത്രീ സമൂഹത്തെ ബോധവത്ക്കരിക്കാൻ യോഗ നേതൃത്വം മുൻകൈയെടുക്കണം.ശബരിമല വിഷയത്തിൽ ആർ.എസ്.എസ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്.ജനാധിപത്യ ഭരണ സംവിധാനമാണ് നിലനിൽക്കുന്നതെന്ന കാര്യം പന്തളം രാജകുടുംബം അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നതെന്നുംവി.എസ് പറഞ്ഞു.എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.