ഹരിപ്പാട്: സ്ത്രീകൾ മുഖ്യ പൂജാരിണിയായ ലോകത്തിലെ ഏക ക്ഷേത്രമായ മണ്ണാറശാലയുടെ ചരിത്രത്തിന് കേരളോത്പത്തിയോളം പഴക്കമുണ്ട്. ക്ഷത്രിയനിഗ്രഹത്തിന്റെ പാപപരിഹാരത്തിനായി ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യാനായി പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതായാണ് ഐതിഹ്യം. എന്നാൽ ഉപ്പുരസം നിറഞ്ഞതിനാൽ ഇവിടം വാസയോഗ്യമല്ലാതെയായി. ഇതിന് പരിഹാരം തേടി പരശുരാമൻ നാഗരാജാവിനെ തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. നാഗരാജാവ് കാളകൂട വിഷജ്വാല പരത്തി ലവണാംശം നീക്കി. ഇന്നത്തെ മണ്ണാറശ്ശാല കാവിലാണ് പരശുരാമൻ തപസ് ചെയ്തതെന്നും പറയപ്പെടുന്നു.
നാഗരാജാവിനേയും, ഉപദേവതകളേയും പ്രതിഷ്ഠിക്കാൻ പരശുരാമൻ മന്ദാര പൂക്കൾ മനസ് നിറയ്ക്കുന്ന കാനന പ്രദേശം കണ്ടെത്തുകയായിരുന്നു. ഇവിടമാണ് പിൽക്കാലത്ത് മണ്ണാറശാലയെന്നറിയപ്പെട്ട മന്ദാരശാല. ഇവിടെ പ്രതിഷ്ഠ നടത്തിയ ശേഷം ശിഷ്യരിൽ പ്രധാനിയായ ബ്രാഹ്മണന് പൂജ നടത്തുവാനുള്ള അധികാരം നൽകി പരശുരാമൻ മടങ്ങിപ്പോയെന്നും ഐതിഹ്യം. അന്നെല്ലാം കുടുംബത്തിലെ കാരണവർക്കായിരുന്നു ക്ഷേത്രത്തിന്റെ പൂർണ്ണാധികാരം. കുടുംബത്തിൽ സന്താനഭാഗ്യമില്ലാതിരുന്ന ബ്രാഹ്മണ പത്നി കാട്ടുതീയിൽപ്പെട്ട് രക്ഷതേടിയെത്തിയ സർപ്പങ്ങളെ സ്വന്തം മക്കളെ പോലെ ശുശ്രൂഷിക്കുകയും മക്കളില്ലാത്ത ഈ അമ്മയ്ക്ക് മകനായി നാഗരാജാവ് ജനിച്ചതായുമാണ് കഥകൾ.
അമ്മയ്ക്ക് അഞ്ച് തലയോട് കൂടിയ സർപ്പശിശുവും, ഒരു മനുഷ്യ ശിശുവുമാണ് ജനിച്ചത്. ഇരുവരും ഒന്നിച്ച് വളർന്നു. മനുഷ്യ ശിശു ഗൃഹസ്ഥാശ്രമിയും സർപ്പശിശുവായ നാഗരാജാവ് അമ്മയുടെ അനുഗ്രഹത്തോടെ നിലവറ പൂകുകയും ചെയ്തു. കുടുംബാംഗങ്ങൾ മുത്തശ്ശനെന്ന് ഭക്ത്യാദരവോടെ വിളിക്കുന്ന സർപ്പം ഇപ്പോഴും നിലവറയിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. അമ്മ തന്നെ പൂജകൾ നടത്തണമെന്ന നാഗരാജാവിന്റെ നിർദ്ദേശപ്രകാരമാണ് പിന്നീട് മണ്ണാറശാലയിൽ അമ്മക്ക് പ്രാധാന്യം വന്നതും മുഖ്യ പൂജാരിണിയായതും. ആയില്യം എഴുന്നള്ളത്ത് ഉൾപ്പടെയുള്ള പ്രധാന ചടങ്ങുകൾ മണ്ണാറശ്ശാല അമ്മയ്ക്ക് അസൗകര്യം ഉണ്ടായാൽ മറ്റാർക്കും ചെയ്യാൻ കഴിയില്ല. ഇതാണ് ഇവിടുത്തെ ആചാരവും വിശ്വാസവും.

30, 31, നവംബർ 1 എന്നീ തീയതികളിലാണ് ഈ വർഷത്തെ മണ്ണാറശ്ശാല ആയില്യം മഹോത്സവം. ഇപ്പോൾ ക്ഷേത്രത്തിൽ കാവിൽപൂജകളും, മുഴുക്കാപ്പ് ദർശനവും നടന്നു വരികയാണ്. പുണർതം നാളിൽ ഇവ രണ്ടും സമാപിക്കും. പുണർതം നാളിൽ മണ്ണാറശ്ശാല വലിയമ്മയാണ് മുഴുക്കാപ്പ് ചാർത്തുന്നത്.