ചേർത്തല:ജനങ്ങളെ പ്രകോപിതരാക്കി സുപ്രിം കോടതി വിധി ലംഘിക്കാനാണ് അമിത്ഷായും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.പുന്നപ്ര വയലാർ രക്തസാക്ഷി വാർഷിക വാരാചരണ സമാപനത്തോടനുബന്ധിച്ച് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം.ശബരിമല വിധി മറികടക്കാൻ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് ഇറക്കാമെന്നിരിക്കെ ഇതിന് മുതിരാതെ ജനങ്ങളെ തെരുവിലിറക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് നീക്കം.ആരാധനാലയങ്ങൾക്കും ആരാധനയ്ക്കും എൽ.ഡി.എഫ് എതിരല്ല. ശബരിമല വിഷയം ആളിക്കത്തിച്ച് സർക്കാരിനെതിരെ വിമോചന സമരത്തിന് കോപ്പുകൂട്ടുകയാണ് പ്രതിപക്ഷം.ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമം.കൊടിയില്ലാതെ സമരത്തിന് പോയ പ്രവർത്തകർ ബി.ജെ.പിയിലേക്ക് പോകുന്നത് കോൺഗ്രസ് നേതാക്കൾ കാണേണ്ടിവരുമെന്നും കാനം പറഞ്ഞു.
അമിത്ഷായുടെ വെല്ലുവിളി ഒറ്റക്കെട്ടായി നേരിടും:കോടിയേരി
കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ താഴെയിറക്കുമെന്ന അമിത്ഷായുടെ വെല്ലുവിളി മതേതര കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.പ്രസ്താവന ഭരണഘടനയ്ക്കും ഫെഡറൽ സംവിധാനത്തിനുമെതിരെയുള്ള വെല്ലുവിളിയാണ്.കേരളത്തിലെ മതനിരപേക്ഷതയുടെ അടിത്തറ തകർക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം.സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണംബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് കേരളത്തിലെത്തിയ ദിവസം സംസ്ഥാന ബി.ജെ.പി-ആർ.എസ്.എസ്.നേതൃത്വം നൽകിയസമ്മാനമാണ്.അക്രമത്തിന് അയ്യപ്പന്റെ പേര് ഉപയോഗിക്കുന്നത് ശരിയല്ല.വിശ്വാസി, അവിശ്വാസി എന്നിങ്ങനെ ചേരിയുണ്ടാക്കാൻ അനുവദിക്കില്ല. .സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. എൻ.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.പന്ന്യൻ രവീന്ദ്രൻ,എം.എ.ബേബി,കെ.ഇ.ഇസ്മയിൽ,ഡോ.തോമസ് ഐസക്,ഇ.ചന്ദ്രശേഖരൻ,ജി.സുധാകരൻ,പി.തിലോത്തമൻ,സജി ചെറിയാൻ,ടി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.പി.കെ.സാബു സ്വാഗതം പറഞ്ഞു.