ഹരിപ്പാട്: ബന്ധുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. പിലാപ്പുഴ പുതുവാപ്പടിക്കൽ പി.ജി.ദാനിയേലിന്റെ ഭാര്യ സൂസമ്മ ദാനിയേലാണ്(മോൾസി -68) മരിച്ചത്. ദേശീയ പാതയിൽ കെ.എസ്. ആർ.ടി.സി ഡിപ്പോയ്ക്കു തെക്കു വശം ഇന്നലെ പകൽ 11.30 ഓടെയായിരുന്നു അപകടം.ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് കാർത്തികപ്പള്ളിയിലേക്ക് അനുജത്തിയുടെ മകൾ സ്മിത ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു സൂസമ്മ. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞ സ്കൂട്ടറിന്റെ ഹാൻഡിലിൽ പിന്നിൽ നിന്ന് വന്ന പാചക വാതക സിലിണ്ടറുകൾ കയറ്റിയ ലോറി തട്ടി. ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിലേക്ക് വീണ സൂസമ്മയുടെ ഇടതു കൈയ്യിൽക്കൂടി ലോറിയുടെ പിൻചക്രം കയറിയിറങ്ങി. റോഡിന്റെ എതിർ വശത്തേക്ക് തെറിച്ചുവീണ സ്മിത പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ സൂസമ്മയെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. മക്കൾ: ഫാദർ സിജി ഡാനിയേൽ (വികാരി, സി.എൻ .ഐ പള്ളി, യമുനാ നഗർ, ഹരിയാന), ജോർജ്ജ് ഡാനിയേൽ. മരുമകൾ: സ്മിത.എസ്.ദാനിയേൽ.