sahodharagal
മെഹർബാനും മുഹമ്മദ് ഇഹ്സാനും

ആലപ്പുഴ: ഈ പൊന്നോമനകൾ നാട്ടിൽ അദ്ഭുത സഹോദരങ്ങളാണ്. ഏഴ് വയസുകാരി മെഹർബാനും നാലു വയസുകാരൻ മുഹമ്മദ് ഇസ്ഹാനും. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾത്തന്നെ ഇരുവരും തുടങ്ങും പടം വരയ്ക്കൽ. അതു കഴിഞ്ഞേയുള്ളു സ്കൂളിൽ പോകുന്ന കാര്യംപോലും. ചിലപ്പോൾ ആഹാരംപോലും കഴിക്കാതെ ചിത്രരചനയിൽ മുഴുകും.

കാലത്തെയും പ്രായത്തെയും മറികടക്കുന്ന ചിത്രങ്ങളാണ് ഈ കുരുന്ന ഭവനകളിൽ പിറക്കുന്നത്. പ്രകൃതിയുടെ നേർക്കാഴ്ചകളാണ് അധികവും. കാടും,​കടലും,​മലകളും,​ദൈവങ്ങളുമൊക്കെ ഒറ്റ ഇരുപ്പിൽ ഇരുവരും വരച്ചുതീർക്കും. കലവൂർ ചാവടിപ്പറമ്പിൽ മുഹമ്മദ് സമീറിന്റെയും കബർബാനിന്റെയും മക്കളാണ് ഈ കുരുന്നു പ്രതിഭകൾ.

കലവൂർ ഗവ. എച്ച്.എസ്.എസിലെ മൂന്നാംക്ളാസുകാരിയാണ് മെഹർബാൻ. ഇവിടെത്തന്നെയുള്ള യു.കെ.ജിയിലെ താരമാണ് മുഹമ്മദ് ഇസ്ഹാൻ. ഇവരിലെ പ്രതിഭകാണുമ്പോൾ ഗുരുസ്ഥാനത്തുള്ള അമ്മയ്ക്കും പിന്തുണ നൽകുന്ന അച്ഛനും പറഞ്ഞു പൂർത്തിയാക്കാൻ വാക്കുകൾ തികയുന്നില്ല. പണ്ടൊക്കെ ചേച്ചി വരയ്ക്കുന്നത് കണ്ടുകൊണ്ടിരുന്ന, ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഇസ്ഹാൻ പതിയെ 'സ്വന്തം' കാൻവാസ് നിവർത്തിയപ്പോൾ ഗുരുസ്ഥാനത്ത് ചേച്ചിയായിരുന്നു. ഓയിൽ, അക്രൈലിക് മേഖലകളോടാണ് രണ്ടുപേർക്കും പ്രിയം. പ്രകൃതിയും ദൈവങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളിൽ തുടക്കക്കാരാണെന്ന യാതൊരു 'സൂചന'യും അവശേഷിക്കുന്നില്ലെന്ന് പ്രമുഖ ചിത്രകാരൻമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മുരുകന്റെ ചിത്രം വരച്ച് കലവൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അടുത്തിടെ മെഹർബാൻ സമർപ്പിച്ചപ്പോൾ മതവർണ ഭേദമില്ലാത്ത ചിത്രകാരിയുടെ വലിയ മനസാണ് ആദരിക്കപ്പെട്ടത്.'ശിഷ്യ' മെഹർബാനാവട്ടെ, ഇതിനോടകം അഞ്ചു ചിത്രപ്രദർശനങ്ങൾ നടത്തി. ആദ്യ പ്രദർശനത്തിൽ 38 ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ അമ്മ കബർബാനും ചിത്രകാരിയാണ്.

സുരേഷ് ഗോപിയും ഫാൻ

കുരുന്നു പ്രതിഭയപ്പറ്റി കേട്ടറിഞ്ഞ് ചിത്രങ്ങൾ തേടിയെത്തുന്നവരിൽ പ്രമുഖരും ഏറെയുണ്ട്. നടനും എം.പിയുമായ സുരേഷ് ഗോപി മെഹർബാനിന്റെ ഫാനാണ്. കൊച്ചി ലേ മെറിഡിയൻ നടന്ന ചിത്രപ്രദർശനത്തിൽ സച്ചിൻ ടെൻഡുൽക്കർ വലിയ ഒരു തുക നൽകി ചിത്രങ്ങൾ വാങ്ങിയാണ് ഈ ചിത്രകാരിയെ പ്രോത്സാഹിപ്പിച്ചത്. അടുത്തമാസം സ്കൂളിൽ നടക്കുന്ന ചിത്രപ്രദർശനത്തിനുള്ള ഒരുക്കത്തിലാണ് ഇരുവരും.