നഗര സംരക്ഷണത്തിന് 1600 കോടി രൂപ

ആലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിയും തുറമുഖ മ്യൂസിയവും യാഥാർത്ഥ്യമാവാൻ സാദ്ധ്യതയേറി . മന്ത്രിമാരായ തോമസ് ഐസക് , കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുറമുഖ-ടൂറിസം-പുരാവസ്തു-ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പോർട്ട് ഒാഫീസിൽ ഇന്നലെ സംഘടിപ്പച്ച ശില്പശാല പ്രതീക്ഷ പകരുന്നു. 122കോടി രൂപയാണ് പൈതൃക നഗരം പദ്ധതിയ്ക്ക് ചിലവഴിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 20 ചെറുമ്യൂസിയത്തിൽ 15 മന്ദിരങ്ങളുടെ നവീകരണത്തിന് ടൂറിസം വകുപ്പും കിഫ്ബിയും 43കോടി രൂപ അനുവദിച്ചിട്ടുണ്ട്. 20 കോടി രൂപയുടെ പദ്ധതി നവംബറിൽ അംഗീകാരമാകും. പദ്ധതിയുടെ ഭാഗമായി 100 വർഷ പഴക്കമുള്ള 50 കെട്ടിടങ്ങൾ പുനഃരുദ്ധരിക്കും. വാടക്കനാൽ, കൊമേഴ്സ്യൽ കനാലുകളുടെ പടിഞ്ഞാറൻ പ്രദേശത്ത് ഇരുകരകളിലും മ്യൂസിയങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വിഷയത്തെ ആസ്പദമാക്കി ചെറിയ മ്യൂസിയമായിരിക്കും സ്ഥാപിക്കുക. വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ നിലനിറുത്തിക്കൊണ്ടായിരിക്കും നിർമ്മാണം.പൈതൃക ടൂറിസം നഗരമായി പുനഃരുദ്ധരിക്കുന്നതിന്റെ സമഗ്രപദ്ധതിയുടെ ഭാഗമായി ബീച്ചിലാണ് തുറമുഖ മ്യൂസിയം ഉയരുക. കഴിഞ്ഞ കയർ കേരളയോടനുബന്ധിച്ചു നടന്ന സെമിനാറിലാണ് മ്യൂസിയം ശൃംഖല എന്ന ആശയം ഉയർന്നത്. ആലപ്പുഴയിലെ കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കും.കനാലിലൂടെ സഞ്ചരിച്ച് മ്യൂസിയങ്ങൾ സഞ്ചാരികൾക്ക് കാണാൻ അവസരം ഒരുക്കും. ഒരുദിവസമെങ്കിലും അവരെ തങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിലാവും സജ്ജീകരിക്കുക.
.

 നഗര സംരക്ഷണം
നഗര റോഡ് , പാലം നവീകരണം, കനാൽ കരകളിലൂടെ നടപ്പാതയും സൈക്കിൾട്രാക്കും 800കോടി രൂപ, കെ.എസ്.ആർ.ടി.സി കേന്ദ്രീകരിച്ച് ആലപ്പുഴ മൊബലിറ്റി ഹബ് 500കോടി, കനാൽ നവീകരണവും നഗരശുചിത്വവും 150കോടി, പൈതൃക സംരക്ഷണ പദ്ധതി 150കോടി .

പ്രധാന മ്യൂസിയങ്ങൾ
കയർയാൺ മ്യൂസിയം, വോൾകാട്ട് ബ്രദേഴ്സ് , ബോംബെ കമ്പനി, തോമസ് നോർട്ടൺ മ്യൂസിയം, എസ്.ഡി.വി സ്കൂൾ(വിദ്യാഭ്യാസ മ്യൂസിയം), കൊട്ടാരം ആശുപത്രി(ആരോഗ്യ മ്യൂസിയം), വില്യം ഗുഡേക്കർ(കെ.സി.കരുണാകരൻ മ്യൂസിയം)കിടങ്ങാംപറമ്പ്(നവോത്ഥാന മ്യൂസിയം), സ്പൈസ്, ഗാന്ധി, കുടകളുടെ, ഗുജറാത്തി ബിസിനസ് ഹിസ്റ്ററി

തുറമുഖ മ്യൂസിയം
തുറമുഖ മ്യൂസിയമാണ്പദ്ധതിയിൽ പ്രധാനപ്പെട്ടത്. പഴയ പോർട്ട് ഓഫീസ്, ഗോഡൗൺ ഇവയുടെയും കടൽപ്പാലത്തിന്റെയും നവീകരണത്തിന് മൂന്ന് മാസത്തിനകം അന്തിമ രൂപം നൽകും.

ചരിത്ര പ്രദർശനങ്ങൾ
മ്യൂസിയം സജ്ജമാകുമ്പോൾ ആലപ്പുഴ തുറമുഖ ചരിത്രം അസ്തമനം, നഗരത്തിന്റെ വളർച്ച, കനാലുകളുടെ തുടക്കം, വ്യാപാരി സമൂഹത്തിന്റെ ചരിത്രം, പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ചയും തളർച്ചയും, തൊഴിലാളി പ്രസ്ഥാനത്തിന്റെ തുടക്കം, കപ്പലുകളുടെ മാതൃക, മത്സ്യബന്ധന വള്ളങ്ങൾ, കടൽപ്പാല സിനിമകളുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.