photo
മിനി സിവിൽസ്റ്റേഷൻ വളപ്പിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ

ആലപ്പുഴ: നഗര ഹൃദയത്തിലെ മിനി സിവിൽ സ്റ്റേഷൻ വളപ്പ് ഉദ്യോഗസ്ഥരുടെയും നഗരസഭയുടെയും അനാസ്ഥയെത്തുടർന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു.

മാലിന്യ സംസ്കരണത്തിന് ദേശീയ പുരസ്കാരങ്ങൾ നേടിയ നഗരസഭയിൽ ബോട്ട്ജെട്ടിക്ക് സമീപമുള്ള മിനി സിവിൽ സ്റ്റേഷൻ വളപ്പിനു പിൻഭാഗത്തായിട്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത്. നിരവധി സർക്കാർ ഒാഫീസുകൾ പ്രവ‌ർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ മാലിന്യങ്ങൾ കൂമ്പാരമാകുന്നത് ഒാഫീസ് ആവശ്യങ്ങൾക്കെത്തുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒാഫീസുകളിൽ നിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക്, പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്രധാനമായും കൂട്ടിയിട്ടിരിക്കുന്നത്. ഇവ നായ്ക്കൾ കടിച്ചുകൊണ്ടുപോയി മറ്റ് സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നുമുണ്ട്.

നഗരത്തിലെ കനാലുകളിലും വിവിധ സ്ഥലങ്ങളിലും രാത്രിയുടെ മറവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവാണ്. മാലിന്യ നിക്ഷേപത്തിന് എയ്റോബിക് കമ്പോസ്റ്റ് ഉൾപ്പെടെയുള്ളവ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നുണ്ടെങ്കിലും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ ആരും തയ്യാറാകുന്നില്ല. രാത്രിയിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല.