വണ്ടാനം കിഴക്ക് നാലുപാടം പാടശേഖരത്തെ കർഷകർ ദുരിതത്തിൽ
അമ്പലപ്പുഴ: സൗജന്യമായി നൽകിയ വിത്ത് മുളയ്ക്കുന്നില്ലെന്ന പരാതിയുമായി കർഷകർ. വിത്ത് വില കൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് അമ്പലപ്പുഴ വടക്ക് കൃഷിഭവനിലെ വണ്ടാനം കിഴക്ക് നാലുപാടം പാടശേഖരത്തെ കർഷകർ. ഏക്കറിന് 50 കിലോ വിത്ത് വീതമാണ് പാടശേഖര സമിതി വഴി കർഷകർക്ക് കൃഷി ഭവനിൽനിന്ന് നൽകിയത്.വിത്ത് മുളപ്പിക്കാനായി വെള്ളത്തിൽ 24 മണിക്കൂർവച്ചശേഷം പുറത്തെടുത്ത് വയ്ക്കുമ്പോഴാണ് മുളവരുന്നത്. എന്നാൽ സർക്കാർ നൽകിയ വിത്ത് പകുതി പോലും മുളച്ചില്ലെന്നാണ് കർഷകർ പറയുന്നത്.കൃഷിഭവനിൽ പരാതി നൽകിയപ്പോൾ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറിയെന്ന് ആക്ഷേപമുണ്ട്.കേരളത്തിനു പുറത്തു നിന്ന് ഗുണനിലവാരമില്ലാത്ത വിത്ത് കൊണ്ടുവന്ന് നൽകുകയായിരുന്നെന്നുംഅവർ പരാതിപ്പെടുന്നു. 441 ഏക്കർ പാടശേഖരത്ത് 230 ക്വിന്റൽ വിത്താണ് നൽകിയത്.ഇതിൽ പകുതി വിത്തും നഷ്ടമായെന്നും കർഷകർ പറയുന്നു. കൃഷിഭവനിൽ സാമ്പിൾ പരിശോധന നടത്താത്തതാണ് കർഷകർക്ക് ദുരിതമായി മാറിയതെന്ന് കർഷകനായ കെ.അനിൽകുമാർ പറഞ്ഞു. കൃഷിഭവനിൽ പരാതി നൽകിയതായും പറഞ്ഞു. വിതയ്ക്കാനായി പാടം ഉണക്കി ഇട്ടിരിക്കുന്നതിനാൽ കള ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് കർഷകർ പറയുന്നത്. ഇതു കാരണം പുറമേ നിന്ന് കിലോ 40 രൂപ നിരക്കിൽ വിത്തു വാങ്ങി വിതയ്ക്കാനൊരുങ്ങുകയാണ് കർഷകർ.പ്രളയ നഷ്ട പരിഹാരമായി സർക്കാർ പ്രഖ്യാപിച്ച ഏക്കറിന് 5400 രൂപയും ഇതു വരെ ലഭിച്ചില്ലെന്നും കർഷകർ പറയുന്നു.