ആലപ്പുഴ: ജ്യുവലറിയിൽ മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്താൻ ശ്രമിച്ച മദ്ധ്യപ്രദേശ് സ്വദേശിയായ യുവതി പിടിയിൽ. ശനിയാഴ്ച വൈകിട്ട് നാലിന് ജനറൽ ആശുപത്രി ജംഗ്ഷനിലുള്ള മലബാർ ഗോൾഡിലാണ് ഗ്വാളിയോർ സ്വദേശിനി നമിത (46) ജീവനക്കാരുടെ ശ്രദ്ധയെത്തുടർന്ന് പൊലീസ് പിടിയിലായത്.
നാല് പവനുള്ള രണ്ട് വളകൾ മാറ്റിയെടുക്കണമെന്ന് പറഞ്ഞാണ് കടയിലെത്തിയത്. മെഷീനിൽ പരിശോധിച്ചെങ്കിലും മുക്കുപണ്ടമാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ഒരു ജീവനക്കാരൻ കൈയിൽ എടുത്തുനോക്കിയപ്പോൾ സംശയം തോന്നി ഒന്നുകൂടി പരിശോധിച്ചു. അപ്പോഴാണ് കളവ് തിരിച്ചറിഞ്ഞത്. വെള്ളിയും ചെമ്പും ചേർത്ത മിശ്രിതത്തിൽ വല്പം സ്വർണ്ണം പൂശിയതായിരുന്നു വളകൾ. അത്ര പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് ഇത് പണികഴിപ്പിച്ചിരുന്നത്. ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ ഇവർ ഇറങ്ങിയോടി. സെക്യൂരിറ്റി ജീവനക്കാരൻ സ്ഥാപന വളപ്പിൽ വച്ച് നമിതയെ പിടികൂടുകയായിരുന്നു. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസിൽ വിവരമറിയിച്ചു.
മരുമകൾ സമ്മാനമായി തന്നതാണെന്നും അത് മാറ്റിവാങ്ങാനാണ് വന്നതെന്നുമാണ് ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.