മാവേലിക്കര: രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന ചെട്ടികുളങ്ങരയിൽ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വീടിനു നേരെ ആക്രമണം. സി.പി.എം കടവൂർ ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ കരിപ്പുഴ കടവൂർ പീടികത്തറയിൽ ക‌ൃഷ‌്ണദാസിന്റെയും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയംഗം കണ്ണമംഗലം വടക്ക് അമ്പാടിത്തറയിൽ അമ്പാടിയുടെയും വീടുകളാണ് ശനിയാഴ‌്ച രാത്രി 10.20ന് ആക്രമിച്ചത്. ആർ.എസ‌്.എസ് ആണ് അക്രമത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. അമ്പാടിയുടെ വീാിൽ ഇതിനു മുൻപും ആക്രമണം നടന്നിരുന്നു,

ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണമംഗലം വടക്ക് ചിറയിൽ വീട്ടിൽ രാഹുൽ രാജിനും ഇന്നലെ വൈകിട്ട് നാലു മണിയോടെ നടന്ന ആക്രമണത്തിൽ പരിക്കേറ്റു. ഇയാൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഏഴിന് സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അഡ്വ.സജികുമാറിന്റെയും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിജിത്തിന്റെയും വീടുകളും തുടർന്നുള്ള ദിവസങ്ങളിൽ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ വീടും ആക്രമിച്ചിരുന്നു.