photo
ജോമോൻ ജോസഫ്

ആലപ്പുഴ: മറൈൻ എൻജിനീറിയറിംഗ് കോഴ്സ് മികച്ച രീതിയിൽ വിജയിച്ച ശേഷം വിദേശ ജോലിക്കായി മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയപ്പോൾ ജോമോൻ ജോസഫെന്ന 23 വയസുകാരൻ തകർന്നുപോയി; ഇരുവൃക്കകളും പ്രവർത്തന രഹിതമായിക്കൊണ്ടിരിക്കുന്നു! മാറ്റിവച്ചാൽ മാത്രം ജീവൻ നിലനിറുത്താം. ഏറെ സ്വപ്നങ്ങൾ നെയ്തുകൂട്ടി മകനെ ഇത്രത്തോളം വളർത്തിയ, മത്സ്യത്തൊഴിലാളിയായ അച്ഛൻ ജോസഫിന് ആലോചിക്കാൻ പോലും കഴിയുന്നില്ല; ചികിത്സയ്ക്കു വേണ്ടിവരുന്ന വൻ ചെലവിനെപ്പറ്റി.

ആലപ്പുഴ അർത്തുങ്കൽ വീട്ടിൽ ജോമോൻ ജോസഫ് ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മറൈൻ കോഴ്സ് വിജയിച്ചത്. വിദേശ ജോലിക്കായി അഞ്ചു മാസം മുൻപ് മെഡിക്കൽ പരിശോധന നടത്തേണ്ടി വന്നു. അപ്പോഴാണ് വിധിയുടെ ക്രൂരത തിരിച്ചറിഞ്ഞത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വേറൊരു മാർഗവും ഇല്ലെന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞു. മാതാപിതാക്കളും ബന്ധുക്കളും വൃക്ക നൽകാൻ തയ്യാറായെങ്കിലും എ പോസിറ്റീവ് ലഭിക്കാത്തതിനാൽ ആ പ്രതീക്ഷയും മങ്ങി.

ഇപ്പോൾ ആഴ്ചയിൽ 4500 രൂപ വീതം ചെലവഴിച്ചാണ് മൂന്ന് ഡയാലിസിസ് ചെയ്യുന്നത്. ഇതിനിടെ ഹൃദയ സംബന്ധമായ അസുഖംകൂടി ഉണ്ടായതോടെ ഏഴു ലക്ഷം രൂപ മുടക്കി ഓപ്പറേഷൻ ചെയ്യേണ്ടിവന്നു. ജോസഫ് വസ്തു പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. 13 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി.
ജോമോന്റെ സഹോദരൻ ജോസ് വിദേശത്താണ്. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സഹോദരന്റെ അസുഖവിവരം അറിയുന്നത്. ഇതോടെ ജോസ് വിദേശത്തെ ജോലി ഉപേക്ഷിച്ച് ചികിത്സയ്ക്കുവേണ്ടി ഓടി നടക്കുകയാണ്. ഇതോടെ കുടുംബത്തിന് അത്താണിയായിരുന്ന വരുമാനമാർഗ്ഗം നഷ്ടമായി.

നവംബർ എട്ടിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നും 20 ലക്ഷം രൂപ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. ഓപ്പറേഷൻ അധികം നീട്ടിവയ്ക്കാനും പറ്റില്ല. പഞ്ചായത്ത് അധികൃതർ ജോമോന്റെ പേരിൽ സഹായനിധി രൂപീകരിച്ച് പത്തുലക്ഷം രൂപ സമാഹരിച്ച് നൽകിയിട്ടുണ്ട്. ബാക്കി പത്തുലക്ഷമാണ് കണ്ടെത്തേണ്ടത്. ജോമോന്റെ പേരിൽ ഫെഡറൽ ബാങ്ക് ചേർത്തല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 17510100084119 ഐ.എഫ്.എസ്.സി കോഡ്: FDRL0001751