കുട്ടനാട്: വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കലിനെതിരെ എൽ.ഡി.എഫും വൈസ് പ്രസിഡന്റ് വനജാ പുഷ്പനെതിരെ യു.ഡി.എഫും നൽകിയ അവിശ്വാസ പ്രമേയങ്ങൾ പരാജയപ്പെട്ടു. നേരത്തെ യു.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തിൽ ആദ്യവും അവസാനവും ഓരോ വർഷം കോൺഗ്രസിനും അവശേഷിക്കുന്ന മൂന്ന് വർഷം കേരള കോൺഗ്രസ് എമ്മിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം പറഞ്ഞിരുന്നത്. എന്നാൽ ധാരണപ്രകാരം ഒരു വ‌ർഷത്തിന് ശേഷം കോൺഗ്രസിലെ എം.പി.സജീവ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ വന്നതോടെ കേരള കോൺഗ്രസ് അംഗം സാബു തോട്ടുങ്കൽ എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായി. സാബുവിന്റെ പിന്തുണ ലഭിച്ചതോടെ എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. മാണി വിഭാഗം വീണ്ടും യു.ഡി.എഫിൽ എത്തിയതോടെ ഇരുവർക്കുമെതിരെ ഇരുമുന്നണികളും അവിശ്വാസത്തിന് നോട്ടീസ് നൽകുകയുമായിരുന്നു.

ഇതിനിടെ കേരള കോൺഗ്രസിലെ മറ്റൊരംഗം ഔസേപ്പച്ചൻ ചെറുകാട് വിപ്പ് ലംഘിച്ച് എൽ.ഡി.എഫിനോടൊപ്പം നിന്ന് യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്തു. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്- ആറ്, എൽ.ഡി.എഫ്- അ‌ഞ്ച്, ബി.ജെ.പി-ഒന്ന്, ബി.ഡി.ജെ.എസ്- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. രാവിലെ 10.30ന് വൈസ് പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും അഞ്ചുവീതം വോട്ടുകൾ ലഭിച്ചതോടെ പ്രമേയം പരാജയപ്പെട്ടു. ബി.ജെ.പി.യും ബി.ഡി.ജെ.എസും വോട്ട് അസാധുവാക്കി. ഉച്ചയ്ക്ക് ശേഷം 2.30ന് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയ പരിഗണിക്കവേ യു.ഡി.എഫ്, ബി.ജെ.പി, ബി.ഡി.ജെ.എസ് അംഗങ്ങൾ വിട്ടുനിന്നതോടെ ചർച്ച ചെയ്യാതെ പിരിയുകയായിരുന്നു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ നായർ വരണാധികാരിയായി.