കുട്ടനാട്: പ്രളയാനന്തര ആശങ്കകൾക്കൊടുവിൽ കുട്ടനാടൻ കർഷകർക്ക് നെൽവിത്ത് എത്തിത്തുടങ്ങി. ഇന്നലെ എടത്വ കൃഷിഭവന് കീഴിലുള്ള അഞ്ച് പാടശേഖരങ്ങളിലേക്ക് പത്ത് ടൺ വിത്താണ് പാലക്കാടു നിന്ന് കേരള വിത്ത് വികസന അതോറിട്ടി ആദ്യഘട്ടമെന്ന നിലയിൽ വിതരണം ചെയ്തത്.
ഏക്കറിന് 50 കിലോഗ്രാം നെൽവിത്ത് സൗജന്യമായി നൽകും. ഇന്നുമുതൽ കൂടുതൽ ലോഡുകൾ എത്തിച്ചേരും. കുട്ടനാട്ടിൽ രാമങ്കരി, ചമ്പക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ കീഴിലുള്ള 340 ഓളം പാടശേഖരങ്ങളിലായി 20,050 ടൺ വിത്താണ് ആവശ്യം. കൈനകരി, നെടുമുടി കൃഷിഭവനുകളിലായി 50 ടൺ വിത്ത് കഴിഞ്ഞ ആഴ്ചതന്നെ എത്തിയിരുന്നു.
പ്രളയത്തെ തുടർന്ന് ഏക്കറിന് അമ്പത് കിലോഗ്രാം നെൽവിത്ത് സൗജന്യമായി നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കുട്ടനാട്ടിലെത്തിയ സമയത്താണ് പ്രഖ്യപനം നടത്തിയത്. കുട്ടനാട്ടിൽ നവംബർ പകുതിയോടെ വിത പൂർത്തിയാക്കാനാണ് കർഷകർ ലക്ഷ്യമിടുന്നത്. മുന്നൊരുക്കങ്ങൾ ഏതാണ്ട് അവസാനഘട്ടത്തിലാണ്. മാർച്ച് ആദ്യവാരത്തോടെ വിളവെടുപ്പ് പൂർത്തിയാവുന്ന തരത്തിൽ കാര്യങ്ങൾ പുരോഗമിക്കുകയാണ്.