രണ്ടുപേർക്ക് ഗുരുതര പരിക്ക്
മാവേലിക്കര: തെരുവുനായയുടെ ആക്രമണത്തിൽ തെക്കേക്കര ഭാഗത്ത് നിരവധി പേർക്ക് പരിക്കേറ്റു. കുറത്തികാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിലുള്ള പൊന്നേഴ സർവ്വീസ് സഹകരണ ബാങ്കിന്റെ നീതി ലാബിനു സമീപത്ത് ഇന്നലെ രാവിലെ ഏഴിന് ചെട്ടികുളങ്ങര പേള കുഞ്ചാംപള്ളി കിഴക്കേതിൽ പദ്മകുമാറിനാണ് ആദ്യം കടിയേറ്റത്. ലാബിലെ ജീവനക്കാരിയായ ഭാര്യയെ എത്തിക്കാൻ ബൈക്കിൽ വന്നതായിരുന്നു ഇദ്ദേഹം. ബൈക്ക് നിറുത്തുന്നതിനിടയിൽ ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. ഇവിടെ വച്ചുതന്നെ ഒരു വഴിയാത്രക്കാരിക്കും കടിയേറ്റു.
തുടർന്ന് വടക്കോട്ട് ഓടിയ നായ വഴിയിൽ കണ്ടവരെയെല്ലാം ആക്രമിക്കാൻ ശ്രമിച്ചു. പശുവിനെ കെട്ടാൻ പറമ്പിൽ നിൽക്കുകയായിരുന്ന തടത്തിലാൽ പവിത്രാലയത്തിൽ അജിതയ്ക്ക് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. തടത്തിലാലിൽ തന്നെ കറവക്കാരനായ തമിഴ്നാട് സ്വദേശി ഗുരുസ്വാമിയെയും കണീരേത്ത് വീട്ടിൽ സൂര്യയെയും ആക്രമിച്ച ശേഷം വീണ്ടും വടക്കോട്ടോടിയ നായ വടക്കേമങ്കുഴി വിളയിൽ വീട്ടിൽ ബേബിയെയും കോട്ടയ്ക്കകത്ത് പുഷ്പനെയും ആക്രമിച്ചു. കടിയേറ്റവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതര പരിക്കേറ്റ അജിതയെയും പുഷ്പനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.