ആലപ്പുഴ : സബ്സിഡി സാധനങ്ങളുടെ അളവു സപ്ളൈകോ വെട്ടിക്കുറച്ചിതിനെതിരെ ഉപഭോക്താക്കൾ രംഗത്ത് . ജില്ലയിൽ ഒരുമാസമായി സപ്ലൈകോ ഒൗട്ട് ലെറ്റുകളിൽ അരി,പഞ്ചസാര,വെളിച്ചെണ്ണ എന്നീ ഉത്പന്നങ്ങൾ നിലവിലുള്ളതിന്റെ നേർപകുതി അളവിലാണ് നല്കുന്നത്. വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നതിനാൽ ഭൂരിഭാഗംപേരും സപ്ലൈകോ ഉത്പന്നങ്ങളെയാണ് ആശ്രയിച്ചിരുന്നത് . വിലക്കയറ്റത്തിലും ഉത്പന്നങ്ങൾ വിലക്കുറവിൽ നല്കുന്നതിനാൽ പെട്ടെന്നുള്ള സപ്ലൈകോ നടപടി ഉപഭോക്താക്കളെ വലയ്ക്കുന്ന സാഹചര്യമാണ്.
പത്ത കിലോ അരി അഞ്ച് കിലോയായും ഒരു കിലോ പഞ്ചസാരയും വെളിച്ചെണ്ണയും അര കിലോയായുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിൽ 220 വിലയുള്ള വെളിച്ചെണ്ണ 90 രൂപയ്ക്കും 40 രൂപയുള്ള പഞ്ചസാര 22 രൂപയ്ക്കാണ് നല്കിയിരുന്നത്. അളവ് കുറയ്ക്കുന്നത് സപ്ലൈകോയുടെ കച്ചവടത്തിനെയും സാരമായി ബാധിച്ചു. സബ്സിഡിയുള്ള ബാക്കി 11 ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
അരി,മുളക്,പയർ,ഉഴുന്ന് ,വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയ സബ്സിഡി സാധനങ്ങൾ മിക്ക ഒൗട്ട് ലെറ്റുകളിലും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. മാസം ആദ്യം എത്തേണ്ട പല സാധനങ്ങളും അവസാനമായിട്ടുംവന്നിട്ടില്ലെന്ന പരാതിയാണ് മിക്ക ഉപഭോക്താക്കൾക്കും. ഒരാഴ്ചയായി ജില്ലയിലെ മിക്ക സപ്ലൈകോ ഒൗട്ട് ലെറ്റുകളുടെ പ്രവർത്തനം തടസപ്പെട്ട നിലയിലാണ് . ഡിപ്പോകളിൽ ജി.എസ്.ടി അനുസരിച്ചിട്ടുള്ള ബില്ലിംഗ് നടക്കാത്തതാണ് ഒൗട്ടലെറ്റുകളിൽ സാധനങ്ങൾ എത്താത്തതിന് കാരണം. സപ്ലൈകോ പീപ്പിൾ ബസാർ,സൂപ്പർ മാർക്കറ്റ്,മാവേലി സ്റ്റോർ തുടങ്ങിയ 30 സപ്ലൈകോ ഒൗട്ട് ലെറ്റുകൾ ജില്ലയിലുണ്ട്.
................
മന്ത്രി നിർദ്ദേശം വെറുതേ
സപ്ലൈകോ വഴി വില്പന നടത്തിവന്ന പഞ്ചസാരയുടെയും അരിയുടെയും അളവ് വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് മന്ത്രി പി.തിലോത്തമൻ ഉത്തരവ് ഇറക്കിരുന്നു. നിർദ്ദേശങ്ങൾ നൽകി ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
.......................
'' സപ്ലൈകോ ഡയറക്ടർ ബോർഡിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് അളവ് വെട്ടിക്കുറച്ചത്. സബ്സിഡി സാധനങ്ങളുെട അളവ് നേരത്തേയും കുറച്ചിട്ടുണ്ട്.
(സപ്ലൈകോ റീജണൽ ഒാഫീസ് കൊച്ചി)