ആലപ്പുഴ: കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി ചേർത്തല എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസിൽ, വിദ്യാർത്ഥി സമൂഹത്തെ മദ്യം അടക്കമുള്ള ലഹരിവസ്തുക്കൾ തേടിയെത്തുന്ന വിവിധ വഴികൾ വിവരിച്ചുകൊണ്ട് എക്സൈസ് ട്രെയിനറും എക്സൈസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനുമായ സി.ദാമോദരൻ നടത്തിയ ക്ളാസ് ഏറെ ആകർഷകമായി. ഒരു മണിക്കൂറോളം നീണ്ട ക്ളാസ് ആദ്യവസാനം കുട്ടികൾ ആകാംക്ഷയോടെ ശ്രവിച്ചു.
'വിദ്യാർത്ഥികളെ സ്വാധീനിക്കാൻ പല തരത്തിലുള്ള ലഹരിവസ്തുക്കളുണ്ട്. അത് തിരിച്ചറിയാനാവണം. എല്ലാത്തരം ലഹരികളും ആദ്യം പരീക്ഷിക്കുന്നത് വിദ്യാർത്ഥികളിലാണ്. വിദ്യാർത്ഥികൾക്ക് തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. നമുക്ക് ലഭിക്കുന്ന പരിചിതമല്ലാത്ത വസ്തുക്കളൊന്നും ശ്വസിച്ചും രുചിച്ചും നോക്കരുത്. പഠനത്തിൽ മാത്രം ശ്രദ്ധപുലർത്തി മാനസികവും ശാരീരികവും ബുദ്ധിപരവുമായ കഴിവുനേടാൻ വിദ്യാർത്ഥികൾ തയ്യാറാകണം. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരികൾ. ഇന്നത്തെ കുട്ടികൾക്ക് ബൈക്കും ഒരു ലഹരിയാണ്. വിലകൂടിയ ബൈക്കുപോലും മക്കൾക്ക് വാങ്ങിക്കൊടുക്കാൻ മാതാപിതാക്കൾ തയ്യാറാണ്. ദിവസവും അല്പ സമയമെങ്കിലും കുട്ടികളുമായി ആശയവിനിമയം നടത്താൻ രക്ഷാകർത്താക്കൾക്ക് കഴിയണം.

7000ത്തോളം ഇനങ്ങളിൽപ്പെട്ട ലഹരിവസ്തുക്കൾ ഇന്ന് വിപണിയിലുണ്ട്. കുട്ടികൾ കഴിക്കുന്ന മിഠായികളിൽ പോലും ലഹരിയുടെ അംശമുണ്ട്. ലഹരിക്കടിപ്പെടുന്ന കുട്ടികൾ ഭാവിയിൽ പിടിച്ചുപറിക്കാരും കൊള്ളക്കാരുമായി മാറുന്നു. സ്കൂളിന് സമീപത്തെ കടകളിൽ ലഹരി വിൽപ്പനയുണ്ടെന്ന് മനസിലായാൽ പൊലീസിലോ എക്സൈസിലോ പരാതിപ്പെടണം. രക്ഷാകർത്താക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണം'- അദ്ദേഹം പറഞ്ഞു.

 ധാരാളിത്ത ജീവിതം വേണ്ട

ലഹരി മാഫിയകൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്കൂൾ പരിസരം കീഴടക്കുകയാണെന്ന് മാരാരിക്കുളം എസ്.ഐ പി.ജി. മധു മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ലഹരിയുടെ ഉപയോഗം കൂടുംതോറും സ്വന്തം ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തും. ലഹരി ഉപയോഗത്തിൽ ആൺ-പെൺ വ്യത്യാസമില്ല. ലക്ഷ്യ ബോധമില്ലാതെയുള്ള സഞ്ചാരം ജീവിതത്തിൽ പരാജയമായിരിക്കും. ധാരാളിത്തത്തോടെ കുട്ടികളെ വളർത്തുന്നതിൽ നിന്ന് രക്ഷാകർത്താക്കൾ പിന്തിരിയണമെന്നും മധു പറഞ്ഞു.