വള്ളികുന്നം:
തെക്കേമുറി ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ഒഴിവുകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ എഴുത്തു പരീക്ഷ ക്രമക്കേട് ആരോപിച്ച്നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് നിയമന നടപടികൾ നിറുത്തിവപ്പിച്ചു. സെക്രട്ടറി, പ്രൊക്യുർമെന്റ് അസിസ്റ്റന്റ് ഒഴിവുകളിലാണ് നിയമനം നടക്കേണ്ടത്. അപേക്ഷ നല്കിയ ക്ഷീര കർഷകരുടെ മക്കൾക്ക് പരീക്ഷയ്ക്ക് അറിയിപ്പ് ലഭിച്ചില്ല. ബന്ധു നിയമനത്തിന് നീക്കം നടത്തുകയാണെന്ന് ആരോപിച്ചാണ് പരീക്ഷ നാട്ടുകാർ തടഞ്ഞത്. സാമ്പത്തികവും, ഭരണ പരവുമായ ക്രമക്കേടുകൾ ഉണ്ടെന്ന ക്ഷീര കർഷകരുടെ പരാതിയിൽ ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലതയാണ് നിയമനം താത്കാലികമായി നിറുത്തിവയ്ക്കാൻ ഉത്തരവിട്ടത്.എൺപതിലധികം അപേക്ഷകളാണ് ലഭിച്ചത്. ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. സംഘത്തിൽ 150 ലധികം ക്ഷീരകർഷകരാണ്. 2010 മുതൽനിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കർഷകർ പറയുന്നു . അന്നു മുതൽ സെക്രട്ടറി ഉൾപ്പെടെ ജീവനക്കാരുടെ ഒഴിവ് നികത്താതെ ദിവസക്കൂലി നിയമനമായിരുന്നുവെന്നും പരാതിയുണ്ട് .ഇതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.