കായംകുളം: മങ്ങിയ ശോഭയിൽ കായംകുളം ഉപജില്ലാ കലോത്സവത്തിന് തുടക്കം. വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താതിരുന്നത് നീണ്ട പരാതികൾക്ക് വഴിത്തുറന്നപ്പോൾ ആദ്യ ദിനത്തിൽ കല്ലുകടിയുമായി മത്സരാർത്ഥികളും രക്ഷാകർത്താക്കളും രംഗത്തെത്തി.കായംകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ
ആരംഭിച്ച കലോത്സവത്തിൽ സംഘാടകരുടെ അനാസ്ഥ മൂലമാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും വലഞ്ഞത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് ആരംഭിച്ചത്. രാവിലെഒൻപതിന് മത്സരങ്ങൾആരംഭിക്കുമെന്നാണ്അറിയിച്ചത്. എന്നാൽ 11 മണി കഴിഞ്ഞാണ് തുടങ്ങിയത്. രാവിലെ ഏഴ് മുതൽ നൃത്ത ഇനങ്ങൾക്കായി കുട്ടികൾ മേക്കപ്പിട്ടു. എന്നാൽ ഫാൻ പോലും ഇല്ലാത്ത മുറിയിൽ അവർ വിയർത്തൊഴുകി .പരാതിപ്പെട്ടപ്പോൾ
സംഘാടകർ നിരുത്തരവാദപരമായാണ് പ്രതികരിച്ചതെന്ന് രക്ഷാകർത്താക്കൾ പറയുന്നു. സർക്കാർ ചിലവ് ചുരുക്കലിന്റെ ഭാഗമായി ജനറേറ്റർ സംവിധാനം പോലും ഏർപ്പെടുത്തിയില്ല. ഉച്ചയ്ക്ക് ഒന്നിന് വൈദ്യുതി എത്തിയ ശേഷമാണ് പ്രധാന വേദിയിൽ മത്സരം ആരംഭിച്ചത്. കലോത്സവ നടത്തിപ്പിന് കുട്ടികളിൽ നിന്ന് 50 രൂപ വീതം പിരിവ് നടത്തിയിട്ടും സാമ്പത്തിക ബുദ്ധിമുട്ട് അലട്ടുന്നുവെന്ന വാദത്തിലായിരുന്നു സംഘാടകരെന്ന് രക്ഷാകർത്താക്കൾ പറയുന്നു. കുടിവെള്ളം പോലുമെത്തിക്കാൻ അധികൃതർ തയ്യാറായില്ല.പ്രാഥമികാവശ്യം നിറവേറ്റാൻ എത്തിയവർ വെള്ളമില്ലാതെ വലഞ്ഞു. ഗവ. ഗേൾസ് ഹൈസ്കൂളിലെ പ്രധാന വേദിയിൽ പോലും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല .മറ്റ് വേദികൾ എവിടെ എന്നു അറിയാതെ മത്സരാർത്ഥികളും രക്ഷിതാക്കളും വലഞ്ഞു.
പ്രളയം മൂലമാണ് ചെലവുചുരുക്കലെന്ന് സംഘാടകർ അറിയിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു.