കായംകുളം: നഗരസഭ കൗൺസിൽ യോഗത്തിലെ സംഘർഷത്തെ തുടർന്ന് സി.പി.എം കൗൺസിലർ ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ മരിച്ച സംഭവം, യു.ഡി.എഫ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് നഗരസഭ ചെയർമാൻ എൻ.ശിവദാസൻ വിശദീകരണ യോഗത്തിൽ ആരോപിച്ചു. ആരെയും വെറുതേ വിടില്ല. അക്രമകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. കൗൺസിൽ യോഗത്തിൽ ഏറ്റ മർദ്ദനവും മാനസിക ആഘാതവുമാണ് മരണ കാരണം. നിയമ നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് എൽ.ഡി.എഫ് കൂട്ടായ തീരുമാനം എടുക്കും. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് യു. മുഹമ്മദിന്റെ നേതൃത്വത്തിൽ വൈസ് ചെയർമാനെയും കൗൺസിലർമാരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ആസൂത്രിത നീക്കമാണ് ഉണ്ടായതെന്നും ചെയർമാൻ ആരോപിച്ചു.
പന്ത്രണ്ടാം വാർഡ് കൗൺസിലറും സി.പി.എം പെരുങ്ങാല ലോക്കൽ കമ്മിറ്റി അംഗവുമായ എരുവ വല്ലാറ്റൂർ വി.എസ്. അജയനാണ് (52) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നഗരസഭയിൽ നടന്ന കൈയാങ്കളിക്കുശേഷം ഉച്ചയോടെ നഗരത്തിൽ മറ്റ് എൽ.ഡി.എഫ് കൗൺസിലർമാരോടൊപ്പം പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ ശേഷം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ അജയൻ ഉച്ചയോടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.