aya
മണ്ണാറശാല നാഗരാജ പുരസ്കാരം ആയാംകുടി കുട്ടപ്പ മാരാർക്ക് കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി സമ്മാനിക്കുന്നു

ഹരിപ്പാട്: മഞ്ഞൾ മണം നിറഞ്ഞുനിൽക്കുന്ന മണ്ണാറശാല നാഗക്കാവിൽ ഇന്ന് വൈകിട്ട് അഞ്ചിന് ഭക്തസഹസ്രങ്ങൾ പൂയം തൊഴും. നാളെ നടക്കുന്ന ആയില്യ മഹോത്സവത്തിന് സാക്ഷ്യം വഹിക്കാനും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. ഇന്നു രാവിലെ 9.30 മുതൽ സർപ്പയക്ഷിയമ്മയുടെയും നാഗരാജാവിന്റെയും ശ്രീകോവിലുകളിൽ ചതുശ്ശത നിവേദ്യത്തിന് ശേഷം തിരുവാഭരണം ചാർത്തി നടത്തുന്ന പൂയം നാളിലെ ഉച്ചപൂജ ദർശന പ്രധാനമാണ്.

ഇന്നത്തെ ചടങ്ങുകളും പരിപാടികളും: പുലർച്ചെ 5.30ന് ഹരിനാമകീർത്തനം, ആറിന് ഭാഗവതപാരായണം, എട്ടിന് ഗുരു രമാദേവിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, ഒമ്പതിന് കെ.സുരേന്ദ്രൻ അവതരിപ്പിക്കുന്ന അഷ്ടപദി, 10.30ന് എം. മുത്തുകൃഷ്ണ നയിക്കുന്ന സംഗീതക്കച്ചേരി, 11 മുതൽ ക്ഷേത്രം വക സ്കൂൾ അങ്കണത്തിൽ പ്രസാദമൂട്ട്, 12.30ന് അമ്പലപ്പുഴ സുരേഷ് വർമ്മ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, രണ്ടിന് വേദിക് അക്കീരമിറ്റത്തില്ലം, അശ്വിൻ പിച്ചകശേരി ഇല്ലം, ഗായത്രി പിച്ചകശേരി ഇല്ലം എന്നിവർ പങ്കെടുക്കുന്ന തായമ്പക, 3.30ന് ഇളയിടം ദേവനാരായണന്റെ സംഗീത കച്ചേരി, വേദിയിൽ കലാമണ്ഡലം ജിഷ്ണുപ്രതാപിന്റെ ചാക്യാർകൂത്ത്, 6.30ന് താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നയിക്കുന്ന സംഗീതസദസ്, രാത്രി 9.30ന് കലാമണ്ഡലം ഗോപി നയിക്കുന്ന കഥകളി; കഥ-1 നളചരിതം ഒന്നാം ദിവസം, കഥ-2 ദക്ഷയാഗം എന്നിവ നടക്കും.

 വർണ വിസ്മയമായി മഹാദീപക്കാഴ്ച


പുണർത സന്ധ്യയെ പ്രകാശ വർണ്ണങ്ങളുടെ ചമയങ്ങൾ അണിയിച്ച് മണ്ണാറശ്ശാലയിൽ ഇന്നലെ വൈകിട്ട് മഹാദീപക്കാഴ്ച നടന്നു. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി നാഗരാജാവിന്റെ നടയ്ക്ക് മുൻപിൽ ഒരുക്കിയിരുന്ന വിളക്കിൽ ദീപം തെളിയിച്ച് മഹാദീപക്കാഴ്ചയ്ക്കും ഈ വർഷത്തെ ആയില്യം മഹോത്സവത്തിനും തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിന് അകത്തും പുറത്തുമായി സജീകരിച്ചിരുന്ന ലക്ഷക്കണക്കിന് ദീപങ്ങൾ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് തെളിയിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിലെ ഗോപുരം വൈദ്യുത വർണ്ണബൾബുകളുടെ പ്രഭ ചൊരിഞ്ഞുതുടങ്ങിയതോടെ മണ്ണാറശാല പ്രകാശ പൂർണ്ണമായി.

 ശ്രീനാഗരാജ പുരസ്കാരം സമർപ്പിച്ചു


ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് നാലിന് നടന്ന ഏഴാമത് ശ്രീ നാഗരാജപുരസ്കാര ദാനം ചലച്ചിത്ര നടൻ നെടുമുടി വേണു ഉദ്ഘാടനം ചെയ്തു.

ക്ഷേത്രങ്ങൾ ഉത്സവങ്ങൾ നടത്തുന്നയിടങ്ങൾ മാത്രമല്ല, കലാസാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണെന്നും മണ്ണാറശാല ക്ഷേത്രം ട്രസ്റ്റിന്റെ പ്രവർത്തനം ഇത്തരത്തിലുള്ളതാണെന്നും നെടുമുടി വേണു പറഞ്ഞു. ക്ഷേത്രങ്ങളിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളെക്കുറിച്ച് പരസ്യമായി വിഴുപ്പലക്കാൻ താത്പര്യമില്ലാത്തതിനാൽ താൻ ഒന്നും പറയുന്നില്ല. നൃത്തം, വാദ്യം, ഗീതം, നാട്യം എന്നീ രംഗത്തെ അതുല്യ കലാകാരന്മാരെ ആദരിക്കുന്നുവെന്നറിഞ്ഞപ്പോൾ അതിന് ഒരു കാഴ്ചക്കാരനാകാനായിരുന്നു ആഗ്രഹിച്ചത്. എന്നാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. തന്റെ നാല് സഹോദരങ്ങൾക്കും കുടുംബത്തിന് സമീപമുള്ള ക്ഷേത്രങ്ങളിൽ ചോറൂണ് നടത്തിയപ്പോൾ തനിക്കും, തന്റെ മകനും ചോറൂണ് നടത്തിയത് മണ്ണാറശാലയിലാണെന്നും അജ്ഞാതമായ ആത്മബന്ധമാണ് ക്ഷേത്രവുമായിട്ടുള്ളതെന്നും നെടുമുടി വേണു പറഞ്ഞു. മുതിർന്ന കുടുംബാംഗം എം.എസ്.വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി പുരസ്കാര ദാനം നിർവ്വഹിച്ചു. കലാമണ്ഡലം ജിഷ്ണു പ്രതാപ് പുരസ്കാരദാന മുഖപ്രസംഗം നടത്തി. നഗരസഭാദ്ധ്യക്ഷ വിജയമ്മ പുന്നൂർമഠം ആദര സമർപ്പണവും എം.ജി.രാമൻ നമ്പൂതിരി പ്രശംസാപത്ര സമർപ്പണവും നിർവ്വഹിച്ചു. എസ്.രാധാമണിയമ്മ, എസ്.കൃഷ്ണകുമാർ, കുറൂർ വാസുദേവൻ നമ്പൂതിരി,കലാമണ്ഡലം കൃഷ്ണപ്രസാദ്, ഹരിപ്പാട് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ആയാംകുടി കുട്ടപ്പ മാരാർ (വാദ്യം), തൃശൂർ വി.രാമചന്ദ്രൻ (ഗീതം), കലാമണ്ഡലം സരസ്വതി (നൃത്തം), കലാമണ്ഡലം രാമചാക്യാർ (നാട്യം) എന്നിവർ പുരസ്കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗം നടത്തി. എസ്. നാഗദാസ് സ്വാഗതവും എൻ.ജയദേവൻ നന്ദിയും പറഞ്ഞു.

 തിരക്കൊഴിവാക്കാൻ മുന്നൊരുക്കങ്ങൾ


ഇന്നും നാളെയും ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് ഒഴിവാക്കാനും സുഗമമായ ദർശനത്തിനുമായി ഭക്തരെ ഓരോ ഗ്രൂപ്പുകളായി മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടുകയുള്ളു. പടിഞ്ഞാറേ നടയിലെ കവാടത്തിലൂടെ പ്രവേശനം അനുവദിക്കില്ല. പകരം പടിഞ്ഞാറേ നടയിൽ പ്രത്യേകം തയ്യാറാക്കിയ നടവരിയിൽ വരിയായി നിന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെ വേണം ഉള്ളിലേക്ക് പ്രവേശിക്കാൻ. 50 മുതൽ 60 പേരടങ്ങുന്ന സംഘങ്ങളായാണ് കടത്തിവിടുന്നത്. ഒരു മിനുട്ടിൽ 100 പേരെ പ്രധാന നടയിലേക്ക് കടത്തിവിടും. നിലവറയുടെ ഭാഗത്തും ഈ ക്രമീകരണങ്ങളാണ് ഉണ്ടാവുക. നിലവറയിൽ തൊഴുതശേഷം വടക്ക് ഭദ്രകാളി നടവഴി മന്ദാരം റോഡിലിറങ്ങി പ്രധാന റോഡിലെത്താം. ബാരിക്കേഡുകൾക്ക് ഇരുവശങ്ങളിലും പൊലീസ് നിലയുറപ്പിക്കും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നു കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്തും.

 ഗതാഗത നിയന്ത്രണം


ഇന്നു വൈകിട്ട് നാലുമുതൽ നാളെ വൈകിട്ട് നാലു വരെ മണ്ണാറശാല ക്ഷേത്രം റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് ഹരിപ്പാട് സി.ഐ ടി.മനോജ് അറിയിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ മണ്ണാറശാല ക്ഷേത്രം വരെയുള്ള റോഡ് വൺവേയാക്കും. ഈ റോഡിലൂടെ മാത്രമേ ക്ഷേത്രത്തിലേക്ക് പോകാനുള്ള അനുവാദം ഉണ്ടായിരിക്കുകയുള്ള. ദർശനം കഴിഞ്ഞവർ ക്ഷേത്രത്തിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡിലൂടെ മടങ്ങണം.