tkm

ചേർത്തല: വനിതാ മുന്നേറ്റം ലക്ഷ്യമിട്ട് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച ഇരട്ട പദ്ധതികൾ മറ്റ് പഞ്ചായത്തുകൾക്കും കടമെടുക്കാവുന്ന ആശയങ്ങളായി വികസിക്കുന്നു. മലിനമായ ജലസ്രോതസുകളിൽ നിന്ന് ആശ്വാസം പകരാൻ തുടങ്ങിയ 'ജലസമൃദ്ധി'യും വനിതകൾ നേതൃത്വം നൽകുന്ന നിർമ്മാണ കമ്പനിയുമാണ് പഞ്ചായത്തിന്റെ അഭിമാന ദ്വയങ്ങൾ.

ജപ്പാൻ കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ഗ്രാമവാസികൾക്കായി ആരംഭിച്ച ജലസമൃദ്ധി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇന്ത്യയിലെതന്നെ ആദ്യ പദ്ധതിയാണ്. ഫെറോ സിമന്റ് ഉപയോഗിച്ച് 5,000 ലി​റ്ററിന്റെ ജലസംഭരണിയാണ് കുടുംബശ്രീ വനിതകൾ പദ്ധതിയുടെ ഭാഗമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചു സംഭരണികൾ പൂർത്തിയാക്കി കുടുംബശ്രീ മീഷന്റെ അംഗീകാരവും നേടി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മൂന്നുവർഷം കൊണ്ട് ജലസംഭരണികൾ സൗജന്യമായി നിർമ്മിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 35 വനിതകൾക്കുകൂടി പരിശീലനവും ആരംഭിച്ചുകഴിഞ്ഞു.

ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് നൽകുന്ന 400 വീടുകൾക്ക് ആവശ്യമായ സോളിഡ്‌ ബ്ലോക്കുകൾ നിർമ്മിക്കുന്ന പദ്ധതിക്കും തുടക്കമായി. 23 വാർഡുകളിലായി ആറു ലക്ഷത്തോളം സോളിഡ്‌ ബ്ലോക്കുകളാണ് നിർമ്മിക്കുന്നത്. സാമ്പത്തിക സഹായത്തിനായി കുടുംബശ്രീ സി.ഡി.എസ് 60 ലക്ഷം രൂപ വായ്പയും അനുവദിച്ചിട്ടുണ്ട്. 500 വനിതകളുള്ള നിർമ്മാണ കമ്പനിക്കാണ് രൂപം നൽകിയിട്ടുള്ളത്. കട്ടച്ചിറയിൽ നടന്ന പരിശീലന പദ്ധതിയുടെ ഉദ്ഘാടനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷൻ കോ- ഓർഡിനേ​റ്റർ എൻ. വിനോദിനിയും കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേ​റ്റർ സുജ ഈപ്പനും ചേർന്ന് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്‌.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ രേഷ്മ രംഗനാഥ്, രമ മദനൻ, സുധർമ്മ സന്തോഷ്, ബിനിത മനോജ്, കെ.ജെ.സെബാസ്റ്റ്യൻ, സനൽനാഥ്, രമേഷ് ബാബു, സാനു സുധീന്ദ്രൻ, കെ.കെ.ചെല്ലപ്പൻ, ശ്രീജ ഷിബു, ബി.ഡി.ഒ ഹഫ്‌സ എന്നിവർ സംസാരിച്ചു.