mannarasala

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം പൂജ ഇന്ന് നടക്കും. നാടി​ന്റെ നാനാഭാഗങ്ങളി​ൽ നി​ന്നുള്ള പതി​നായി​രക്കണക്കി​ന് ഭക്തർ അനുഗ്രഹം തേടി​ മണ്ണാറശാലയി​ലേക്കെത്തും.

ഇന്ന് വെളുപ്പിന് 4ന് നട തുറക്കും. അഭിഷേകങ്ങൾ പൂർത്തിയാക്കി 6 മണിയോടെ കുടുംബ കാരണവർ എം.കെ പരമേശ്വരൻ നമ്പൂതിരി ആയില്യം നാളിലെ പൂജകൾക്ക് തുടക്കം കുറി​ക്കും. 10 ന് ശേഷം ഇല്ലത്തെ നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് മണ്ണാറശാല വലിയമ്മ ഉമാദേവി അന്തർജ്ജനം ദർശനം നൽകും. നിവേദ്യത്തിനുശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാ പ്രസാദഊട്ട് നടക്കും. പൂയം നാളായ ഇന്നലെ ആയി​രക്കണക്കി​ന് ഭക്തരാണ് ദർശനത്തിന് എത്തിയത്. നാഗരാജാവിന്റെയും സർപ്പയക്ഷിയമ്മയുടെയും നടകളിൽ ചതുശ്ശത നിവേദ്യത്തോടെ കുടുംബകാരണവർ എം.കെ പരമേശ്വരൻ നമ്പൂതിരി നടത്തിയ ഉച്ചപൂജ ദർശിക്കാൻ രാവിലെ മുതൽ ഭക്തജനത്തിരക്കായിരുന്നു. സർപ്പയക്ഷിയമ്മയ്ക്കും നാഗരാജാവിനും തിരുവാഭരണം ചാർത്തിയാണ് പൂയംനാളിൽ ഉച്ചപൂജ നടന്നത്. പൂയം തൊഴുതാൽ സർവ്വ സർപ്പദോഷങ്ങളും അകലുമെന്നാണ് വിശ്വാസം. ഉച്ചയ്ക്ക് ഭക്തർക്ക് മണ്ണാറശാല വലിയമ്മ ദർശനം നൽകി.