ഹരിപ്പാട്: സർപ്പഫണാകൃതിയിയുള്ള നാഗലിംഗപൂക്കൾ, അംബരചുംബികളായ നാഗമരം, സപ്തനാഗങ്ങൾ അനുഗ്രഹവർഷം ചൊരിയുന്ന ഏഴിലംപാലകൾ, നാനാതരം വൃക്ഷലതാതികൾകൊണ്ട് തിങ്ങിനിറഞ്ഞ ഘോരവനാനന്തരത്തിനിടയിൽ പുള്ളുവൻ പാട്ടിന്റെ അലയൊലികളിൽ സംപ്രീതരായ നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും നാഗചാമുണ്ഡിയുടെയും സർപ്പയക്ഷിയുടെയും ദിവ്യവിഗ്രഹങ്ങൾ ആധ്യാത്മികപ്രഭ ചൊരിയുന്ന മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം പൂജ ഇന്ന് നടക്കും. നാഗരാജാവിന്റെ തിരുനാൾ ആഘോഷത്തിൽ പങ്കുചേരാനും മണ്ണിനും വിണ്ണിനും നാഥനായ നാഗരാജാവിനെ കൈതൊഴാനും തിരു മുമ്പിൽ സങ്കടങ്ങൾ സമർപ്പിക്കാനുമായി പതിനായിരങ്ങൾ തിരുനടയിലേക്ക് ഇന്ന് ഒഴുകിയെത്തും.
ഇന്ന് വെളുപ്പിന് 4ന് നട തുറക്കും. അഭിഷേകങ്ങൾ പൂർത്തിയാക്കി 6 മണിയോടെ കുടുംബ കാർണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും. 10 മണിക്ക് ശേഷം ഇല്ലത്തെ നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് മണ്ണാറശാല വലിയമ്മ ഉമാദേവി അന്തർജ്ജനം ദർശനം നൽകും. നിവേദ്യത്തിനുശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാ പ്രസാദമൂട്ട് നടക്കും.

ദർശന പുണ്യമായി പൂയംതൊഴൽ
മണ്ണാറശാലയിൽ ഇന്നലെ പതിനായിരങ്ങൾ പൂയംതൊഴുതു. നാഗരാജാവിന്റെയും സർപ്പയക്ഷിയമ്മയുടെയും നടകളിൽ ചതുശ്ശത നിവേദ്യത്തോടെ കുടുംബകാർണവർ എം.കെ പരമേശ്വരൻ നമ്പൂതിരി നടത്തിയ ഉച്ചപ്പൂജ ദർശിക്കാൻ രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കായിരുന്നു. സർപ്പയക്ഷിയമ്മയ്ക്കും നാഗരാജാവിനും തിരുവാഭരണം ചാർത്തിയാണ് പൂയംനാളിൽ ഉച്ചപൂജ നടന്നത്. പൂയം തൊഴുന്നത് സർവ്വ സർപ്പദോഷങ്ങളും അക​റ്റുന്നതിന് പര്യാപ്തമെന്നാണ് വിശ്വാസം. ഇന്നലെ ഉച്ചയ്ക്ക് ഭക്തർക്ക് മണ്ണാറശ്ശല വലിയമ്മ ദർശനം നൽകി. പൂയം നാളിൽ രാത്രി വൈകിയും ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ മുതൽ ഹരിനാമകീർത്തനം, ഭാഗവതപാരായണം, അദ്ധ്യാത്മ പ്രഭാഷണം, അഷ്ടപദി, സംഗീതക്കച്ചേരി, ഓട്ടൻതുള്ളൽ, തായമ്പക, സംഗീതകച്ചേരി, ചാക്യാർകൂത്ത്, സംഗീതസദസ്, കഥകളി എന്നിവ നടന്നു.

ഫോട്ടോ- പൂയം തൊഴുന്ന ഭക്തർ

പൂയസദ്യയുണ്ട് ഭക്തർ സായൂജ്യരായി
മണ്ണാറശാലയിൽ ഇന്നലെ നടന്ന പൂയസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിന്റെ തെക്ക് വശത്തുള്ള ക്ഷേത്രം വക യു.പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 11 മുതലാണ് പൂയസദ്യ നടന്നത്. ഇന്ന് നടക്കുന്ന മഹാ പ്രസാദമൂട്ടിനുള്ള ഒരുക്കങ്ങളെല്ലാം ക്ഷേത്രത്തിൽ പൂർത്തിയായി.
ഫോട്ടോ: മണ്ണാറശ്ശാലയിൽ പൂയസദ്യയിൽ പങ്കെുത്ത് പ്രസാദം കഴിക്കുന്ന ഭക്തർ

ക്ഷേത്രത്തിൽ ഇന്ന്

ആയില്യം നാളായ ഇന്ന് വെളുപ്പിന് 4ന് നിർമ്മാല്യദർശനം, രാവിലെ 6ന് ഭാഗവതപാരായണം, 8ന് ഹരിപ്പാട് ദേവസേന ഭജൻസിന്റെ ഭക്തിഗാനമഞ്ജരി, 9ന് ഹരിപ്പാട് സാരംഗ ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ നൃത്തനൃത്യങ്ങൾ, രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാപ്രസാദമൂട്ട്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ആയില്യം നാളിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രനടയിൽ എരവത്ത് അപ്പുമാരാരും സംഘവും, അമ്പലപ്പുഴ വിജയകുമാറും സംഘവും അവതരിപ്പിക്കുന്ന വിവിധ മേള വാദ്യങ്ങളുടെ സേവ നടക്കും. തുടർന്ന് വൈകിട്ട് 4 വരെ ദർശനം, രാവിലെ 10.30ന് വേദിയിൽ ചേപ്പാട് ശിവപ്രസാദും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്, 12.30ന് ഹരിപ്പാട് കേരളവർമ്മ അക്ഷരശ്ളോക സമിതി, മാന്നാർ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യസമിതി എന്നിവരുടെ അക്ഷരശ്ളോക സദസ്, ഉച്ചയ്ക്ക് 1.30ന് പി.പി. ചന്ദ്രൻമാസ്റ്ററുടെ പാഠകം, 3ന് ഡോ.എസ്. ഹരിഹരൻനായർ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, വൈകിട്ട് 5ന് ഒറ്റപ്പാലം അംഗന കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, രാത്രി 7ന് 40 ഓളം പ്രതിഭകൾ അണിനിരക്കുന്ന എറണാകുളം സിദ്ധി സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.

മണ്ണാറശ്ശാലയിൽ കേരളകൗമുദി സ്റ്റാൾ

മണ്ണാറശ്ശാല ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിൽ കേരളകൗമുദിയുടെ സ്റ്റാൾ തുറന്നു. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ മണ്ണാറശ്ശാല മുതിർന്ന കുടുംബാംഗം എം.എസ്.വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കേരളകൗമുദിയുടെ പ്രസിദ്ധീകരണങ്ങൾ സ്റ്റാളിൽ നിന്നും ലഭിക്കും. മണ്ണാറശ്ശാല ആയില്യവുമായി ബന്ധപ്പെട്ട സ്പെഷ്യൽ സപ്ളിമെന്റ് സ്റ്റാളിൽ സൗജന്യമായി ലഭിക്കും. മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ്, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് സി.പി സുരേന്ദ്രൻ, സർക്കുലേഷൻ മാനേജർ സജിത്ത്, ഹരിപ്പാട് ലേഖകൻ രാഹുൽ കൃഷ്ണൻ, പരസ്യ വിഭാഗം എക്സിക്യൂട്ടീവ് അശ്വിൻ, സർക്കുലേഷൻ വിഭാഗം എക്സിക്യൂട്ടീവ്മാരായ സുധീഷ്, അഭിജിത്ത്, ഫോട്ടോഗ്രാഫർ അനീഷ് ശിവൻ, വിമൽ എന്നിവർ പങ്കെടുത്തു.