ന്യൂഡൽഹി: ബി.ജെ.പിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോളം തന്നെ ശക്തനായ ശിവ്‌രാജ് സിംഗ് ചൗഹാനെന്ന അനിഷേധ്യ നേതാവിന്റെ കോട്ട പിടിക്കാൻ രാജപാരമ്പര്യമുള്ള നേതാക്കളുമായി രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് നടത്തുന്ന പോരാട്ടമാണ് മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ചിത്രം. നവംബർ 28ന്റെ വോട്ടെടുപ്പിൽ മായാവതിയുടെ ബി.എസ്.പിക്ക് സ്വാധീനമുള്ള ഗ്വാളിയാർ, ചമ്പൽ, വിന്ധ്യ മേഖലകൾ ഒഴികെ സംസ്ഥാനത്ത് ബി.ജെ.പിയും കോൺഗ്രസും കൊമ്പുകോർക്കും.
മദ്ധ്യദേശത്തെ ബി.ജെ.പി ആധിപത്യം
ദേശീയ രാഷ്‌ട്രീയത്തിനൊപ്പം ബി.ജെ.പി ആഴത്തിൽ വേരൂന്നിയ മണ്ണാണ് മദ്ധ്യപ്രദേശിലേത്. പ്രധാനമന്ത്രിയാകാൻ വരെ നിർദ്ദേശിക്കപ്പെട്ട ശിവ്‌രാജ് ചൗഹാന്റെ മേൽക്കോയ്‌മയിൽ ബി.ജെ.പി ഭരണത്തുടർച്ച ഉറപ്പിക്കുന്നു. 2005ൽ മുഖ്യമന്ത്രി പദത്തിലെത്തിയ ചൗഹാൻ 2008, 2013 തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് സമ്മാനിച്ചത് വൻ വിജയം. മൂന്നാം തിരഞ്ഞെടുപ്പ് ജയിച്ച് ഹാട്രിക് ജയം ലക്ഷ്യം. ആരോഗ്യപരിപാലന, വിദ്യാഭ്യാസ, അടിസ്ഥാന വികസന മേഖലകളിലെ വികസനം നൽകിയ ജനകീയ ഇമേജ്. സംസ്ഥാനത്തെ ഉലച്ച വ്യാപം നിയമന അഴിമതി ആരോപണം വകഞ്ഞ് മാറ്റി ശക്തനായി തിരിച്ചുവരവ്. എന്നാൽ കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ തലവേദനയാണ്. കർഷക പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയെന്ന പേരുദോഷവും.
ത്രിമൂർത്തികളിൽ കോൺഗ്രസ് പ്രതീക്ഷ
ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഉരുക്കുകോട്ട ഭേദിക്കാൻ കോൺഗ്രസിനു മുന്നിൽ വെല്ലുവിളികളേറെ. 2003ന് ശേഷം അധികാരമില്ലാത്ത കോൺഗ്രസിന് ശക്തമായ ബി.ജെ.പി അടിത്തറ ഇളക്കൽ എളുപ്പമല്ല. ചൗഹാനെ ഉലച്ച വ്യാപം അഴിമതി ആരോപണം പൊടി പിടിച്ചു കിടപ്പാണ്.
പാർട്ടി നേതൃത്വം ഏറ്റെടുത്ത ശേഷം രാഹുൽ ഗാന്ധി നടത്തിയ അഴിച്ചുപണികളിൽ സുപ്രധാനമായിരുന്നു മുഖ്യമന്ത്രി പദത്തിൽ നോട്ടമുള്ള കമൽനാഥിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും യഥാക്രമം പി.സി.സി അദ്ധ്യക്ഷനും പ്രചാരണവിഭാഗം അദ്ധ്യക്ഷനുമാക്കിയത്. ഇവരിലൊരാൾ ബി.ജെ.പി പാളയത്തിലേക്ക് പോകുമെന്നുവരെ കേട്ടിരുന്നു. അതേസമയം എ.ഐ.സി.സി ഭാരവാഹിത്വങ്ങളിൽ നിന്ന് മാറ്റപ്പെട്ട മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന് കാര്യമായ ചുമതലകളില്ല. രാഹുലിന്റെ റാലികളിലും പ്രചാരണ പോസ്‌റ്ററുകളിലും ദിഗ്‌വിജയ് സിംഗിന്റെ അസാന്നിദ്ധ്യം ചർച്ചയാണ്. തന്റെ പേരിൽ വന്ന ട്വിറ്റർ പ്രചാരണത്തെ തള്ളിയ ദിഗ്‌വിജയ് മുഖ്യമന്ത്രിയാകാനില്ലെന്ന് പറഞ്ഞിട്ടുണ്ട്. 1993-2003 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് സിംഗിന്റെ അസംതൃപ്‌തരായ അനുയായികളെ അനുനയിപ്പിക്കേണ്ട ചുമതലയുണ്ട് നേതൃത്വത്തിന്.
മൃദുഹിന്ദുത്വ പരീക്ഷണം
ഗുജറാത്തിൽ പരീക്ഷിച്ചു പരാജയപ്പെട്ട മൃദുഹിന്ദുത്വ പരീക്ഷണമാണ് കോൺഗ്രസ് മദ്ധ്യപ്രദേശിലേക്കും കരുതി വച്ചിരിക്കുന്നത്. കൈലാസ് യാത്ര നടത്തിയ രാഹുൽ ഗാന്ധിയെ ശിവഭക്തനായും പി.സി.സി അദ്ധ്യക്ഷൻ കമൽനാഥ് 101 അടി ഉയരത്തിൽ ഹനുമാൻ പ്രതിമ പണിതതും പ്രശസ്‌തമായ നർമ്മതാ പരിക്രമ തീർത്ഥയാത്രയെ ദിഗ്‌വിജയ്സിംഗുമായി ബന്ധപ്പെടുത്തിയുമുള്ള പോസ്‌റ്ററുകൾ സംസ്ഥാനത്തുടനീളം കാണാം. ആഘോഷങ്ങളുടെ ഭാഗമായി ഭണ്ഡാരകൾ (അന്നദാനം) സംഘടിപ്പിക്കാൻ ബി.ജെ.പിക്കൊപ്പം കോൺഗ്രസുമുണ്ട്. ഹിന്ദുവിരുദ്ധ പാർട്ടിയെന്ന ബി.ജെ.പി പ്രചാരണത്തിന് മറുപടിയും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാനും ഇതാവശ്യമെന്ന് മുതിർന്ന നേതാക്കളുടെ പക്ഷം. പക്ഷേ കോൺഗ്രസിനെ വിട്ട് ഒറ്റയ്‌ക്കു മത്സരിക്കുന്ന മായാവതിയുടെ ബി.എസ്.പിക്ക് മുസ്ളിം വോട്ടർമാരെ സ്വാധീനിക്കാൻ ഇതെളുപ്പമാക്കും. 6.5 ശതമാനമുള്ള മുസ്ളിം വോട്ടർമാർ മുൻപ് കോൺഗ്രസിനൊപ്പമായിരുന്നു. 30 സീറ്റ് നൽകാത്തതിന് കോൺഗ്രസിനെ തള്ളിയ ബി.എസ്.പിക്ക് ചമ്പൽ, വിന്ധ്യ, ഗ്വാളിയാർ മേഖലകളിൽ സ്വാധീനമുണ്ട്. 2013ൽ നാലു സീറ്റിൽ ജയിച്ചു.
മദ്ധ്യപ്രദേശ് ചരിത്രം:
1956ലെ രൂപീകരണം മുതൽ കോൺഗ്രസ് ആധിപത്യം. 1967-69ൽ സംയുക്ത വിധായക് ദളും, 1977-80ൽ ജനതാപാർട്ടിയും ഇടക്കാലഭരണം.1990ൽ ആദ്യ ബി.ജെ.പി സർക്കാർ. 1993-2003 കോൺഗ്രസ് തിരിച്ചുവരവ് (ദിഗ്‌വിജയ് സിംഗ്). 2003 മുതൽ ഇങ്ങോട്ട് ബി.ജെ.പി
നിലവിലെ കക്ഷിനില: ആകെ 230, ബി.ജെ.പി 165, കോൺഗ്രസ് 58, ബി.എസ്.പി 4, സ്വതന്ത്രൻ 3