ന്യൂഡൽഹി: ലൈംഗിക അതിക്രമത്തിനെതിരെ വനിതകൾ പ്രതികരിക്കുന്ന മീടൂ പ്രചാരണത്തിൽ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രിയും രാജ്യസഭാംഗവുമായ എം.ജെ. അക്‌ബറിന്റെ രാഷ്‌ട്രീയ ഭാവി തുലാസിൽ. ആരോപണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോർട്ട് നൽകിയതായി അറിയുന്നു. വിദേശത്തുള്ള എം.ജെ. അക്‌ബർ മടങ്ങിയ എത്തിയ ശേഷം വിശദീകരണം തേടും.മുതിർന്ന മാദ്ധ്യമ പ്രവർത്തകൻകൂടിയായ എം.ജെ. അക്‌ബർ ജോലി തേടിയെത്തുന്ന വനിതാ ജർണലിസ്‌റ്റുകളെ അഭിമുഖത്തിനായി ഹോട്ടലിൽ വിളിപ്പിച്ച് മോശമായി പെരുമാറിയെന്നാണ് ആരോപണം. പ്രതികരണം ആവശ്യപ്പെട്ട് ചില മാദ്ധ്യമ പ്രവർത്തകർ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചെങ്കിലും അവർ മൗനം പാലിച്ചു. ആരോപണത്തിൽ പറയുന്നവ അക്‌ബർ രാഷ്‌ട്രീയത്തിൽ വരുന്നതിന് മുൻപുള്ള സംഭവങ്ങൾ ആയതിനാൽ മന്ത്രിസ്ഥാനത്തിന് ഭീഷണിയില്ലെന്നാണ് അടുത്ത വൃത്തങ്ങളുടെ അഭിപ്രായം. എന്നാൽ നരേന്ദ്രമോദിയുടെ തീരുമാനം നിർണായകമാകും.
മീ ടൂ അക്ബർ ഇങ്ങനെ:
ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബർറിനെതിരെ പ്രമുഖ മാദ്ധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു. പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച 'എന്റെ പുരുഷ മേധാവികൾ' എന്ന ലേഖനത്തിൽ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്‌ബർ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവർ വെളിപ്പെടുത്തിയത്. പിന്നാലെ നിരവധി വനിതാ ജർണലിസ്‌റ്റുകൾ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ൽ കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ അടുത്തിടപഴകാൻ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാദ്ധ്യമ പ്രവർത്തക തുറന്നടിച്ചു. മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാൾ. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലർ വിവരിച്ചു. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്‌ബർ കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം നടത്തിയത്. 1989-1991കാലത്ത് ബീഹാറിലെ കിഷൻഗഞ്ച് ലോക്‌സഭാംഗം. 2014 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്ന് പാർട്ടി വക്താവായി. 2015ൽ രാജ്യസഭാംഗം. 2016 ജൂലായ് മുതൽ വിദേശകാര്യസഹമന്ത്രി.
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജിവച്ചു
മുൻ സഹപ്രവർത്തകയുടെ മീ ടൂ ആരോപണത്തിൽ കുടുങ്ങിയ ഹിന്ദുസ്ഥാൻ പൊളിറ്റിക്കൽ എഡിറ്ററും ബ്യൂറോ ചീഫുമായ പ്രശാന്ത് ഝാ കഴിഞ്ഞ ദിവസം രാജിവച്ചു. ഝാ അയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ അടക്കം പോസ്‌റ്റു ചെയ്‌താണ് ലൈംഗിക ചുവയോടെയുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് വനിതാ മാദ്ധ്യമ പ്രവർത്തക വിവരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചുമതലകളിൽ നിന്ന് ഝാ വിട്ടു നിൽക്കുകയാണെന്ന് മാനേജ‌്മെന്റ് പ്രതിനിധികൾ അറിയിച്ചു.
പിന്തുണയുമായി എഡിറ്റേഴ്സ് ഗിൽഡ്
വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെ പുറത്തു വന്ന ലൈംഗിക അതിക്രമങ്ങളെ എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു. സംഭവങ്ങൾ വെളിപ്പെടുത്തിയവരെ അഭിനന്ദിച്ച ഗിൽഡ് മാദ്ധ്യമ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചു. ജോലി സ്ഥലത്ത് വനിതകൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ മാദ്ധ്യമ സ്ഥാപനങ്ങൾ ശ്രദ്ധചെലുത്തണം. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ഗിൽഡ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.