mayavati

 

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സീറ്റു യാചിച്ച് മുന്നണിയിൽ നിൽക്കില്ലെന്നും ഒറ്റയ്‌ക്കു മത്സരിക്കുമെന്നും ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിൽ ചേരാതെ ഒറ്റയ്‌ക്കു നിൽക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കുകയായിരുന്നു അവർ. മധ്യപ്രദേശിൽ ബി.എസ്.പിക്ക് 30സീറ്റുകൾ നൽകാൻ കോൺഗ്രസ് തയ്യാറാകാത്തതിനെ തുടർന്നാണ് സഖ്യ ചർച്ച വേണ്ടെന്നു വച്ചത്. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും അപ്രമാദിത്യം ദളിത്, പിന്നാക്ക, ആദിവാസി, മുസ്ളീം വിഭാഗങ്ങൾക്കും മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കും എതിരാണെന്ന് മായാവതി പറഞ്ഞു. ഈ വിഭാഗങ്ങൾക്കിടയിൽ ബി.എസ്.പിക്കുള്ള സ്വാധീനം മനസിലാക്കാതെയാണ് സീറ്റുകൾ നിഷേധിച്ചത്. ബി.ജെ.പിയും കോൺഗ്രസും മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.