rafale-deal

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വിവാദ കരാറിലേക്ക് നയിച്ച തീരുമാനം എടുത്തതിന്റെ വിശദാംശങ്ങൾ ഈ മാസം 29നകം മുദ്രവച്ച കവറിൽ സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തതെങ്ങനെയെന്ന് കോടതിക്ക് സ്വയം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും വിമാനത്തിന്റെ വിലയോ, സാങ്കേതിക വിവരങ്ങളോ വേണ്ടെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

വിമാന കരാറിനെ ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹർജികൾ ഇന്നലെ പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കരാറിൽ അഴിമതിയുണ്ടെന്ന ഹർജികളിലെ ആരോപണങ്ങൾ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്‌ക്കാനും വിസമ്മതിച്ചു.

സർക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഹർജി തള്ളണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം കോടതിയുടെ പരിധിയിൽ വരില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, പ്രധാനമന്ത്രിക്ക് നോട്ടീസയയ്‌ക്കാൻ ആവശ്യപ്പെടുന്നത് രാഷ്ട്രീയലാക്കോടെയാണെന്നും അദ്ദേഹം വാദിച്ചു. ഒക്ടോബർ 31ന് വീണ്ടും ഹർജി പരിഗണിക്കും.അഭിഭാഷകരായ എം.എൽ. ശർമ്മയും വിനീത് ധൻഡയുമാണ് ഹർജി നൽകിയത്. മറ്റൊരു ഹർജി നൽകിയ കോൺഗ്രസ് നേതാവ് തഹസീൻ പൂനാവാല ഇന്നലെ അത് പിൻവലിച്ചു.

ഹർജിയിലെ ആവശ്യങ്ങൾ

റാഫേൽ ഇടപാടിൽ യു.പി.എയുടെയും എൻ.ഡി.എയുടെയും കാലത്തെ വിലകൾ താരതമ്യം ചെയ്യുക, ഇടപാടിലെ വിവരങ്ങൾ വെളിപ്പെടുത്തുക, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക.

റാഫേൽ ഇടപാട്

വ്യോമസേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി അത്യാധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള 126 മീഡിയം മൾട്ടിറോൾ യുദ്ധവിമാനം (എം.എം.ആർ.സി ) വാങ്ങാൻ യു.പി.എ സർക്കാർ 2007ലാണ് ടെൻഡർ ക്ഷണിച്ചത്.

 2012 ജനുവരിയിൽ ഫ്രഞ്ച് കമ്പനിയായ ദസാൾട്ടിൽ നിന്ന് 126 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണായി.

18 എണ്ണം പൂർണമായി നിർമ്മിച്ച് നൽകാനും 108 എണ്ണം സാങ്കേതിക വിദ്യ കൈമാറി ബാംഗ്ലൂരിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽ നിർമ്മിക്കാനുമായിരുന്നു ധാരണ.

എൻ.ഡി.എ സർക്കാർ 2016 സെപ്‌തംബറിൽ ഫ്രാൻസുമായി ഒപ്പിട്ട അന്തിമ കരാർ പ്രകാരം 58,000 കോടി രൂപയ്ക്ക് 36 പൂർണസജ്ജമായ വിമാനങ്ങളാണ് വാങ്ങുന്നത്.

ആരോപണങ്ങൾ:

യുദ്ധവിമാനങ്ങളുടെ എണ്ണം 126ൽ നിന്ന് 36 ആയി കുറച്ചു. തുക ഇരട്ടിയിലേറെയാക്കി

സാങ്കേതിക വിദ്യ കൈമാറാത്ത കരാറിൽ 41,205 കോടി അധികം നൽകി.

ഈ തീരുമാനങ്ങളിൽ അഴിമതിയുണ്ട്

പ്രധാനമന്ത്രി ഫ്രാൻസിൽ കരാർ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുൻപ് രൂപീകരിച്ച, പ്രവർത്തന പരിചയമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് ഇന്ത്യയിലെ ഓഫ്‌സെറ്റ് കരാർ നൽകി. അതുപ്രകാരം കരാർതുകയുടെ പകുതി (30,000 കോടി) തുകയുടെ ബിസിനസ് ദസാൾട്ട് കമ്പനി ഇന്ത്യയിൽ നടത്തണം.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കി, പ്രധാനമന്ത്രി തീരുമാനമെടുത്തത് പ്രതിരോധസംഭരണ ചട്ടങ്ങൾക്ക് വിരുദ്ധം.