kerala-university

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പ്രവേശന സമയത്ത് വിദ്യാർത്ഥികളുടെ അസൽ (ഒറിജിനൽ) സർട്ടിഫിക്കറ്റ് പിടിച്ചുവെക്കാൻ കോളജുകൾക്ക് അധികാരമില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷൻ (യു.ജി.സി) വിജ്ഞാപനം പുറത്തിറക്കി. പ്രവേശന നടപടികൾ പൂർത്തിയാകും മുമ്പ് കോഴ്സ് ഉപേക്ഷിക്കുന്നവർക്ക് അടച്ച മുഴുവൻ ഫീസും തിരികെ നൽകണമെന്നും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

ഒരുമാസം കഴിഞ്ഞാണ് കോഴ്സ് ഉപേക്ഷിക്കുന്നതെങ്കിൽ മടക്കി നൽകേണ്ടതില്ല. ഫീസിന്റെ ഭാഗമല്ലാത്ത കോഷൻ ഡിപ്പോസിറ്റും മറ്റും പൂർണമായി തിരികെ നൽകണം. മുഴുവൻ ഫീസും നൽകാത്ത സ്ഥാപനങ്ങൾ പിഴ, ഗ്രാന്റ് തടയൽ, അനുമതി റദ്ദാക്കൽ നടപടികൾ നേരിടേണ്ടി വരും. എൻജിനീയറിംഗ് കോളേജുകൾക്കടക്കം നിർദ്ദേശം ബാധകമാണ്.

വിജ്ഞാപനത്തിൽ പറയുന്നത്

അപേക്ഷ സമർപ്പിക്കുമ്പോൾ സ്വയം സാക്ഷിപ്പെടുത്തിയ പകർപ്പ് നൽകിയാൽ മതി.

പ്രവേശന സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം കോളജുകൾ അവ വിദ്യാർത്ഥികൾക്ക് തിരികെ നൽകണം.

പ്രവേശനം നേടിയ വിദ്യാർത്ഥികൾ പിന്നീട് സ്ഥാപനം മാറുകയോ കോഴ്‌സ് ഉപേക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ വാങ്ങിയ ഫീസ് കോളജുകൾ തിരിച്ചു നൽകണം.

സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ഒരു സെമസ്‌റ്ററിന്റെ ഫീസ് മാത്രമെ ഈടാക്കാവൂ.

മുഴുവൻ ഫീസും ഒന്നിച്ചു വാങ്ങുന്നത് ശിക്ഷാർഹമാണ്.

പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് 15 ദിവസം മുമ്പ് വിദ്യാർത്ഥി കോഴ്സ് ഉപേക്ഷിക്കുകയോ, സ്ഥാപനം മാറുകയോ ചെയ്‌താൽ മൂഴുവൻ ഫീസും തിരികെ നൽകണം. അതുകഴിഞ്ഞ് 90 ശതമാനം ഫീസും പ്രവേശനം പൂർത്തിയായ ശേഷം 15 ദിവസത്തിനുള്ളിൽ 80 ശതമാനവും ഫീസും 15 ദിവസം മുതൽ ഒരു മാസത്തിനിടെ 50 ശതമാനം ഫീസും മടക്കി നൽകണം.

പ്രവേശന നടപടിക്രമങ്ങളുടെ ചെലവ് എന്ന നിലയ്‌ക്ക് ഫീസിന്റെ അഞ്ചു ശതമാനം സ്ഥാപനങ്ങൾക്ക് ഈടാക്കാം.