ന്യൂഡൽഹി: മീടൂ കാമ്പെയ്‌നിൽ വനിതാ ജർണലിസ്‌റ്റുകൾ ലൈംഗിക അതിക്രമം ആരോപിച്ച സംഭവത്തിൽ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ രാജിവച്ച് അന്വേഷണം നേരിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും പൊതു പ്രവർത്തകനുമായ വ്യക്തിക്കെതിരെ ഉയർന്ന ആരോപണം നിസാരമായി തള്ളാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്‌പാൽ റെഡ്‌ഡി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കുറ്റകരമായ മൗനമാണ് പാലിക്കുന്നത്. ആരോപണം സംബന്ധിച്ച് അക്‌ബറും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദീകരണം നൽകാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണ്. രാജിവച്ച് അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്നും റെഡ്‌ഡി പറഞ്ഞു.