ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന കരാർവിവാദം കത്തിക്കാളുന്നതിനിടെ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്റെ ഫ്രഞ്ച് സന്ദർശനവും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയെ കരാറിൽ പങ്കാളിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരമാണെന്ന ഫ്രഞ്ച് മാദ്ധ്യമത്തിന്റെ വെളിപ്പെടുത്തലും ആയുധമാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ കേന്ദ്രത്തിനെതിരെ യുദ്ധകാഹളം മുഴക്കി ആഞ്ഞടിച്ചു. അതേസമയം റിലയൻസിനെ പങ്കാളിയാക്കിയത് തങ്ങളുടെ സ്വന്തം തീരുമാനമാണെന്ന് റാഫേൽ നിർമ്മാണ കമ്പനിയായ ദസോൾട്ട് ഇന്നലെയും ആവർത്തിച്ചു.അത് വമ്പൻകരാർ നൽകിയ സർക്കാരിന്റെ സമ്മർദ്ദം മൂലമാകുമെന്നും രാഹുൽ ആരോപിച്ചു.
റാഫേൽ ഇടപാട് നടക്കാൻ റിലയൻസിനെ ഒാഫ് സെറ്റ് പങ്കാളിയാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി 2017 മേയ് 11ന് നാഗ്പൂർ പ്ളാന്റിൽ നടത്തിയ പ്രസന്റേഷനിൽ ദസോൾട്ട് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ ലോയിക് സെഗാലെൻ പറഞ്ഞതായാണ് ഫ്രഞ്ച് അന്വേഷണാത്മക മാദ്ധ്യമമായ മീഡിയാപാർട്ട് ബുധനാഴ്‌ച വെളിപ്പെടുത്തിയത്. റിലയൻസിനുള്ള നഷ്‌ടപരിഹാരമായി അവരെ പങ്കാളിയാക്കണമെന്നാണ് ദസോൾട്ടിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതെന്നും അത് അനിൽ അംബാനിക്കു വേണ്ടി മോദി സമ്മർദ്ദം ചെലുത്തിയതിന് തെളിവാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അനിൽ അംബാനിക്ക് നൽകിയ നഷ്‌ടപരിഹാരം ഏതു വകയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. കരാർ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുൻപാണ് യുദ്ധവിമാന നിർമ്മാണത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസ് കമ്പനിയുണ്ടാക്കിയത്. അവർക്ക് 30,000 കോടി രൂപ ലാഭമുണ്ടാക്കാൻ സഹായിച്ച പ്രധാനമന്ത്രി താൻ ആരുടെ കാവൽക്കാരനാണെന്ന് തെളിയിച്ചു. രാജ്യത്തിന്റെ കാവൽക്കാരനാണെന്ന് ആരും വിശ്വസിക്കില്ല.രാജ്യത്തെ കർഷകരെയും യുവാക്കളെയുമാണ് പ്രധാനമന്ത്രി വഞ്ചിച്ചത്. ഇന്ത്യൻ ജനതയ്‌ക്കും വ്യോമസേനയ്‌ക്കും അവകാശപ്പെട്ട പണം റിലയൻസിന്റെ പോക്കറ്റിൽ നിക്ഷേപിച്ച പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നും രാഹുൽ ആരോപിച്ചു. റാഫേൽ ഇടപാട് സംയുക്ത പാർലമെന്ററികമ്മിറ്റി അന്വേഷിക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.
റാഫേൽ കരാറിൽ ഒളിച്ചുകളിക്കുന്ന സർക്കാർ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെ ധൃതിപിടിച്ച് ഫ്രാൻസിലേക്ക് അയച്ചത് എന്തിനാണ്? മന്ത്രി ദസോൾട്ട് കമ്പനി സന്ദർശിക്കുന്നത് എന്തിനാണ്?
--രാഹുൽ ഗാന്ധി
''ഇടനിലക്കാരെ പ്രോത്സാഹിപ്പിച്ച കുടുംബത്തിലെ അംഗമാണ് രാഹുൽ. 2014ന് മുൻപു നടന്ന എല്ലാ പ്രതിരോധ ഇടപാടുകളിലും ഏറെ സമ്പാദിച്ച കുടുംബമാണ് രാഹുലിന്റേത്. റാഫേലിൽ തെളിവുകളുണ്ടെങ്കിൽ രാഹുൽ കോടതിയിൽ പോകട്ടെ''
--ബി. ജെ. പി വക്താവ് സമ്പിത് പാത്ര
നിർമ്മല സീതാരാമൻ ഫ്രാൻസിൽ
പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ മൂന്ന് ദിവസത്തെ സർശനത്തിന് ഫ്രാൻസിലെത്തി. 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള ഇടപാട് വേഗത്തിലാക്കാനാണ് ധൃതിപിടിച്ചുള്ള സന്ദർശനമെന്ന് സൂചനയുണ്ട്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർളിയുമായി ചർച്ച നടത്തുന്ന നിർമ്മല ദസാൾട്ടിന്റെ ഫാക്‌ടറി സന്ദർശിക്കുന്നുണ്ട്. സമുദ്ര സുരക്ഷയെ പറ്റിയുള്ള ഇന്ത്യാ-ഫ്രാൻസ് ചർച്ചയിലും പങ്കെടുക്കും.