ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും വ്യവസായിയുമായ കാർത്തി ചിദംബരത്തിന്റെ ഇന്ത്യയിലെയും വിദേശത്തെയും 54 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. വിചിത്രവും കാടത്തവുമാണ് നടപടിയെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു.സാമ്പത്തിക തട്ടിപ്പ് തടയൽ നിയമം അനുസരിച്ചാണ് കേസ് വാർത്ത സൃഷ്‌ടിക്കാൻ വേണ്ടി മാത്രമുള്ളതാണ് നടപടിയെന്നും നിയമപ്രകാരമുള്ളതല്ലെന്നും കാർത്തി ചിദംബരം പറഞ്ഞു.
കുപ്രസിദ്ധമായ ഷീന ബോറ വധക്കേസിൽ പിൽക്കാലത്ത് പ്രതികളായ പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവരുടെ ഐ.എൻ.എക്‌സ് മീഡിയ കമ്പനിക്ക് 2007ൽ ഒന്നാം യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരം 305 കോടി രൂപയുടെ വിദേശ നിക്ഷേപ അനുമതി ലഭിക്കാൻ വഴിവിട്ട് സഹായിച്ചെന്നും പ്രതിഫലമായി മകന്റെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്‌ട്രാറ്റജിക് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡിലും (എ.എസ്.സി.പി.എൽ ) അനുബന്ധ കമ്പനികളിലും 3.09 കോടി രൂപ നിക്ഷേപിച്ചെന്നുമാണ് കേസ്.
കണ്ടുകെട്ടിയ സ്വത്തുക്കൾ
തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലെ കൃഷിയിടം, ബംഗ്ളാവ്, അമ്മ അഡ്വ. നളിനിയുടെയും കാർത്തിയുടെയും പേരിൽ ഡൽഹി ജോർബാഗിലുള്ള 16 കോടിയുടെ ആഡംബര ഫ്ളാറ്റ്,
ബ്രിട്ടനിലെ സോമർസെറ്റിലുള്ള 8.67 കോടിയുടെ കോട്ടേജ്
സ്‌പെയിനിലെ ബാഴ്സലോണയിൽ 14.57 കോടി വിലയുള്ള ടെന്നീസ് ക്ളബ്
കാർത്തിയുടെ കമ്പനിയുടെ പേരിൽ ചെന്നൈയിലുള്ള 90 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാനും എൻഫോഴ്സ് നീക്കം തുടങ്ങി.
മാതാപിതാക്കൾക്ക് ആസ്‌തി 95 കോടി
കാർത്തിയുടെ പിതാവ് മുൻ ധനകാര്യ മന്ത്രി പി. ചിദംബരത്തിനും സീനിയർ അഭിഭാഷകയായ മാതാവ് നളിനി ചിദംബരത്തിനും കൂടി 95 കോടിയുടെ ആസ്തിയുണ്ടെന്ന് മഹാരാഷ്ട്ര രാജ്യസഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ചിദംബരത്തിന് 8.5 കോടിയും ഭാര്യയ്ക്ക് 1.25 കോടിയും വാർഷിക വരുമാനം ഉണ്ടെന്ന് നികുതി റിട്ടേൺ രേഖകളിൽ പറയുന്നു.
ചിദംബരത്തിന് 13 ബാങ്ക് അക്കൗണ്ടും ഭാര്യയ്ക്ക് 6 ബാങ്ക് അക്കൗണ്ടുമുണ്ട്. ചിദംബരത്തിന്റെ കൈവശം 32 ഗ്രാം സ്വർണം (87,232 രൂപ), 3.25 കാരറ്റ് വജ്രം (97,500)
നളിനിയുടെ കൈവശം 1.43 കിലോ സ്വർണം (39.17ലക്ഷം), 52 കിലോ വെള്ളി (20.46ലക്ഷം), 76.61 കാരറ്റ് വജ്രം (22.98ലക്ഷം).
ഹോണ്ട, സ്കോഡ, ടോയോട്ട ഇന്നോവ എന്നിവയാണ് വാഹനങ്ങൾ. കർണാടകയിൽ 1.93കോടി വിലയുള്ള 38.72 ഏക്കർ സ്ഥലവും പാരമ്പര്യ സ്വത്തായി 12.07 കോടിയുടെ ആസ്തിയും.