highcourt

ന്യൂഡൽഹി: അഞ്ച് പേരെ സ്ഥാനക്കയറ്റം നൽകി കേരള ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തു. രണ്ട് ജില്ലാ ജഡ്‌ജിമാർക്കും മൂന്ന് അഭിഭാഷകർക്കും സ്ഥാനക്കയറ്റം നൽകാനാണ് ശുപാർശ. ഹൈക്കോടതി ശുപാർശ ചെയ്‌ത മൂന്ന് അഭിഭാഷകരുടെ കാര്യത്തിൽ തീരുമാനം മാറ്റിവച്ചു. ഒരാളുടെ അപേക്ഷ തള്ളി.

ജില്ലാ ജഡ്‌ജിമാരായ ടി.വി. അനിൽകുമാർ, എൻ. അനിൽകുമാർ, അഭിഭാഷകരായ വി.ജി. അരുൺ, എൻ. നഗരേഷ്, പി.വി. കുഞ്ഞിക്കൃഷ്ണൻ എന്നിവരെ നിയമിക്കാനാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി, ജസ്‌റ്റിസുമാരായ മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ശുപാർശ ചെയ്തത്. അതേസമയം, ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് നൽകിയ 9 പേരുടെ പട്ടികയിൽ അഭിഭാഷകരായ എസ്. രമേഷ്, വിജു എബ്രഹാം, ജോർജ് വർഗീസ് എന്നിവരുടെ സ്ഥാനക്കയറ്റം പരിഗണിക്കുന്നതാണ് മാറ്റിവച്ചത്. ശുപാർശ പട്ടികയിലുള്ള അഭിഭാഷകൻ പി. ഗോപാലിന്റെ പേര് പരിഗണിച്ചതുമില്ല. പട്ടികയിലുള്ളവർക്കെതിരെ ചില പരാതികൾ ലഭിച്ചെന്നും എന്നാൽ അതിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്നും കൊളീജിയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

 ടി.വി. അനിൽകുമാർ : ജുഡിഷ്യൽ അക്കാഡമി ചെയർമാനായ ടി.വി. അനിൽകുമാർ തിരുവനന്തപുരം പുതിയതുറ ഉഴിയരിക്കുന്ന് വീട്ടിൽ കെ. തങ്കപ്പൻ നായരുടെ മകനാണ്. 1991ൽ മുൻസിഫായി സർവീസിൽ പ്രവേശിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായിരുന്നു. ഭാര്യ : റാണി ലളിതാംബിക, മകൻ : ഡോ. ത്രിലോക് നാഥ്. 

എൻ. അനിൽകുമാർ : ഹൈക്കോടതിയിൽ രജിസ്ട്രാർ ജനറലായ എൻ. അനിൽകുമാർ കിളിമാനൂർ പുളിമാത്ത് കുളവിയോട് വീട്ടിൽ നടേശന്റെ മകനാണ്. 1991ൽ മുൻസിഫായി. എറണാകുളം, കൊല്ലം, മാവേലിക്കര, എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായിരുന്നു. ഭാര്യ: ഗൗത, മക്കൾ: അർജുൻ, അരവിന്ദ്.

 പി.വി. കുഞ്ഞികൃഷ്ണൻ : ചലച്ചിത്ര താരം പയ്യന്നൂർ ചാലക്കോട് പുല്ലേരി വാദ്യാർ ഇല്ലത്ത് പി.വി. ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ മകനാണ്.1989 ൽ എൻറോൾ ചെയ്തു. 24 വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകനാണ്. ഭാര്യ: നീതി, മക്കൾ: സുമൻ, സുനയന.

 വി.ജി. അരുൺ : പ്രസ് അക്കാഡമി ചെയർമാനും മലയാള മനോരമയുടെ ലീഡർ റൈറ്ററുമായിരുന്ന ടി.കെ.ജി. നായരുടെ മകൻ. 1989 ൽ അഭിഭാഷകനായി. 1991 മുതൽ ഹൈക്കോടതിയിൽ പ്രാക്ടീസ്. എറണാകുളം പുതുക്കലവട്ടം രാജീവ് നഗറിൽ സരയൂവിലാണ് താമസം. ഭാര്യ: ദർശന, മക്കൾ: ജാനകി, മാളവിക.

 എൻ. നഗരേഷ് : കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായ എൻ. നഗരേഷ് വൈക്കം പന്തല്ലൂർ മഠത്തിൽ മുൻ നഗരസഭാ ചെയർമാൻ നരസിംഹ നായിക്കിന്റെയും ലളിത നായിക്കിന്റെയും മകനാണ്. 1989 ൽ പ്രാക്ടീസ് ആരംഭിച്ചു. കലൂർ ഉദയ നഗറിലാണ് താമസം. ഭാര്യ : ആശ. മകൾ : നയന.