ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി കൂടുതൽ സ്വീകാര്യം

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വിമർശിച്ചു. സ്ത്രീപ്രവേശന നിയന്ത്രണം തുടരണമെന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് കൂടുതൽ സ്വീകാര്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഭരണഘടനാ ധാർമ്മികതയും എന്ന വിഷയത്തിൽ നടന്ന ചാനൽ സംവാദത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീപ്രവേശനം അനുവദിച്ച മുൻ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും പാനലിൽ ഉണ്ടായിരുന്നു. വിധി തയാറാക്കിയ താൻ ഇക്കാര്യത്തിൽ ഒന്നും പറയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

കോടതി ജനവികാരം മനസിലാക്കണം. ആയിരക്കണക്കിന് സ്ത്രീകളാണ് ദിവസവും സുപ്രീംകോടതി വിധിക്കെതിരെ തെരുവിൽ സമരം ചെയ്യുന്നത്. ദൈവകോപം തങ്ങളെ ബാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ശബരിമലയിൽ സ്ത്രീപ്രവേശന നിയന്ത്രണം തുടരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനായി അറ്റോർണി ജനറലാകുന്നതിന് മുൻപ് ഞാൻ സുപ്രീംകോടതിയിൽ വാദിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്രയുടെ മുന്നിലും വാദിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര തയാറാക്കിയ ന്യൂനപക്ഷവിധിയാണ് കൂടുതൽ സ്വീകാര്യം - അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി, പ്രൊഫ.എൻ.ആർ മാധവമേനോൻ എന്നിവരും പാനലിലുണ്ടായിരുന്നു.