ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ - കൊച്ചി ദേവസ്വം ബോർഡുകൾക്കും എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.പി.എം.എസ് എന്നീ സമുദായ സംഘടനകൾക്കുമാണ് നോട്ടീസയച്ചത്. ആറാഴ്ചയ്ക്കകം മറുപടി നൽകണം.
ടി.ജി മോഹൻദാസ്, സുബ്രഹ്മണ്യൻ സ്വാമി എന്നിവരുടെ ഹർജിയിൽ ജസ്റ്റിസ്‌മാരായ യു.യു ലളിത്, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
ദേവസ്വം ബോർഡ് ഉപദേശക സമിതിയായി മാത്രം പ്രവർത്തിച്ചാൽ മതിയെന്നും ക്ഷേത്രങ്ങളുടെ നിയന്ത്രണം അതത് പ്രദേശങ്ങളിലെ ജനകീയ സമിതികൾക്ക് നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾ രൂപീകരിച്ച 4, 63 വകുപ്പുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.