ന്യൂഡൽഹി: മീടൂ കാമ്പെയ്‌നിലൂടെ കൂടുതൽ സ്‌ത്രീകൾ വെളിപ്പെടുത്തുന്ന ലൈംഗിക അതിക്രമങ്ങൾ പരിശോധിക്കാൻ നാല് ജഡ്ജിമാരും മറ്റ് നിയമ വിദഗ്ദ്ധരും ഉൾപ്പെടുന്ന സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. പദവികളിൽ ഇരിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ. അക്‌ബറിന്റെ പേര് പരാമർശിക്കാതെ മേനക പറഞ്ഞു.
അതേസമയം ആരോപണ വിധേയനായ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർക്കെതിരെ ലൈംഗിക ആരോപണവുമായി കൊളംബിയൻ യുവതിയും രംഗത്ത് വന്നു.
വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങളിൽ നിയമ നടപടിക്ക് തടസമുണ്ടോ എന്നും സമിതി പരിശോധിക്കുമെന്ന് മേനക വ്യക്തമാക്കി. കൂടുതൽ വനിതകൾ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വരട്ടെ. പരാതികളുടെ സ്വഭാവം, വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങൾ, നിയമ വശങ്ങൾ തുടങ്ങി മീടൂ കാമ്പെയ്‌നിന്റെ എല്ലാ പ്രശ്‌നങ്ങളും സമിതി പരിശോധിക്കും. ഇതിൽ കേന്ദ്രത്തെ ഉപദേശിക്കേണ്ടതും സമിതിയാണ്. 25 വർഷങ്ങൾ കഴിഞ്ഞ് വെളിപ്പെടുത്തുന്ന പരാതികളിൽ എങ്ങനെ നടപടിയെടുക്കുമെന്നും ആലോചിക്കണം. വലിയ പദവികൾ വഹിക്കുന്നവർക്കെതിരെയുള്ള പരാതികളിൽ കഴമ്പുണ്ടെന്നാണ് കരുതുന്നത്. അവർക്കെതിരെ സർക്കാർ സംവിധാനം പ്രതികരിക്കും. ബേഠി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ അഭിമാന പദ്ധതികൾ കൊണ്ടുവന്ന കേന്ദ്രസർക്കാരിന് സ്‌ത്രീ സംരക്ഷണം പ്രാധാനമാണ്.
''അതിക്രമങ്ങൾ സ്‌ത്രീകൾ തുറന്നു പറയണം. പീഡകരുടെ പേര് വെളിപ്പെടുത്തി നാണം കെടുത്തണം. സ്‌ത്രീകളുടെ വേദന അൽപം ശമിക്കട്ടെ. www.shebox.nic.in, min-wcd@nic.in എന്നീ വെബ്‌സൈറ്റുകളിൽ പരാതി നൽകാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.സമിതി പരാതികളിൽ നടപടിയെടുക്കും.''-- മേനകാ ഗാന്ധി
മാറ്റത്തിന്റെ തുടക്കം: രാഹുൽ
മീ ടൂ കാമ്പെയ്‌ൻ വന്നതിനാൽ എല്ലാവരും സ്‌ത്രീകളോട് ബഹുമാനത്തോടും മാന്യതയോടും പെരുമാറാൻ പഠിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. അല്ലാത്തവർക്കുള്ള അവസരം കഴിഞ്ഞു. സത്യം ഉറക്കെ വിളിച്ചു പറയണം. അത് മാറ്റങ്ങളുണ്ടാക്കും. അതാണ് മീടൂ
അക്‌ബറിനെതിരെ എട്ടാമത്തെ പരാതി
എം. ജെ.അക്‌ബറിനെതിരെയുള്ള എട്ടാമത്തെ പരാതിയാണ് കൊളംബിയൻ യുവതിയുടേത്. 2007ൽ ഏഷ്യൻ ഏജ് പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ അക്‌ബർ മോശമായി പെരുമാറിയെന്നാണ് ഇപ്പോൾ അമേരിക്കയിലുള്ള വനിത പറയുന്നത്. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരായ മാതാപിതാക്കൾ വഴിയാണ് അക്ബറിന്റെ അടുത്ത് പരിശീലനത്തിന് പോയത്. അവസാന ദിവസം അക്‌ബർ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് ആരോപണം.
അതിന്ടെ, അക്‌ബറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്‌തതായി അറിയുന്നു. അക്‌ബർ നാളെ രാത്രി തിരിച്ചെത്തിയാലുടൻ വിശദീകരണം തേടും.