ന്യൂഡൽഹി: റാഫേൽ വിമാന ഇടപാടിൽ തുടർച്ചയായി കളവു പറഞ്ഞാൽ സത്യം ഇല്ലാതാവില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി വക്താവുമായ പിയൂഷ് ഗോയൽ പറഞ്ഞു. റാഫേലിൽ എന്താണ് നടന്നതെന്ന് ഫ്രഞ്ച് സർക്കാരും ദസാൾട്ട് കമ്പനിയും വിശദീകരിച്ചതിനാൽ കോൺഗ്രസിന്റെ കളവ് ആരും വിശ്വസിക്കില്ല. റിലയൻസിനെ സ്വയം തിരഞ്ഞെടുത്തതാണെന്ന് ദസാൾട്ട് കമ്പനി മേധാവി വിശദീകരിച്ചതാണ്. കോൺഗ്രസ് പാർട്ടിക്ക് വിഷയ ദാരിദ്ര്യമാണ്. നേതാക്കൾക്ക് കണക്കറിയില്ല. അതാണ് റാഫേൽ ആരോപണവുമായി വന്നത്. കള്ളം മെനഞ്ഞെടുത്ത് അതു പ്രചരിപ്പിക്കുന്ന ഒരു മാന്യൻ ഇവിടുണ്ട്. നൂറു പ്രാവശ്യം കളവു പറഞ്ഞാലും അതു സത്യമാകില്ല. മോദി സർക്കാരിന് രാജ്യസുരക്ഷയെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. അതുകൊണ്ടാണ് റാഫേൽ കരാർ ഉടൻ നടപ്പാക്കാൻ കഴിഞ്ഞത്. വിമാനങ്ങൾ വേഗത്തിൽ ലഭിക്കാനും സ്‌പെയർ പാർട്സുകൾ ലഭ്യമാക്കാനും ഏർപ്പാടുണ്ടാക്കി. 2012ൽ സ്വന്തക്കാർക്ക് നേട്ടമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസിന് കരാർ നടപ്പാക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് കുടുംബവുമായി ബന്ധമുള്ള സഞ്ജയ് ഭണ്ഡാരിയുമായി കരാറുണ്ടാക്കാൻ ഫ്രഞ്ചുകാർ തയ്യാറായില്ല. --