amit-shah

ന്യൂഡൽഹി: വിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ആർക്കെതിരെയും സമൂഹമാദ്ധ്യമങ്ങൾ വഴി ആരോപണം ഉന്നയിക്കാം. നിങ്ങൾക്ക് എന്റെ പേര് ഉപയോഗിച്ച് പോസ്റ്റ് ചെയ്യാം. പോസ്റ്റുകളുടെ കൃത്യതയും വെളിപ്പെടുത്തിയവരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്തായാലും വിഷയം പരിശോധിക്കുമെന്നും അമിത് ഷാ ഹൈദരാബാദിൽ പറഞ്ഞു.

മീ ടൂ കാമ്പെയ്‌നിൽ എം.ജെ അക്ബർ ആരോപണവിധേയനായശേഷം ബി.ജെ.പി ആദ്യമായാണ് ഒദ്യോഗികമായി പ്രതികരിക്കുന്നത്. ഇന്ത്യാ വെസ്റ്റ് ആഫ്രിക്ക കോൺക്ലേവിനായി നൈജീരിയയിലേക്ക് പോയ എം.ജെ അക്ബർ ഇന്ന് ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും. അതേസമയം രാജികാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മാദ്ധ്യമപ്രവർത്തകനായിരിക്കെയുള്ള പെരുമാറ്റങ്ങളാണ് ആരോപണമായി ഉന്നയിക്കുന്നതെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയുള്ള രാജി ഗുണം ചെയ്യുമെന്നും ബി.ജെ.പിയിൽ വിലയിരുത്തലുണ്ട്.

വനിതാ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു

മീ ടൂ കാമ്പെയ്‌നിലൂടെ ലൈംഗീക പീഡന പരാതികൾ വെളിപ്പെടുത്തിയ സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും തൊഴിലിടങ്ങളിൽ സുരക്ഷ ആവശ്യപ്പെട്ടും വനിതാ മാദ്ധ്യമപ്രവർത്തകർ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി പാർലമെന്റ് സ്ട്രീറ്റിലായിരുന്നു പ്രതിഷേധം. പീഡന ആരോപണം നേരിടുന്ന എം.ജെ അക്ബർ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും മാദ്ധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. ലൈംഗികാതിക്രമം തുറന്നുപറഞ്ഞ മാദ്ധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമേയവും പാസാക്കി.